ആവേശം ആളിക്കത്തിക്കേണ്ടവർ ആശങ്കയിലാണ്
text_fieldsകോഴിക്കോട്: ഒരാഴ്ച മാത്രം തെരഞ്ഞെടുപ്പ് ഫലമറിയാൻ അവശേഷിക്കേ ഫലമറിയുന്ന ദിവസം ആവേശം ആളിക്കത്തിക്കേണ്ടവർ ആശങ്കയിൽ. ഫലമറിയുേമ്പാൾ ആഹ്ലാദപ്രകടനങ്ങൾക്ക് കൊഴുപ്പേകാൻ നല്ല ഓർഡറുകൾ പ്രതീക്ഷിച്ചിരുന്ന ബാൻറ്-ചെണ്ടമേളക്കാരുടെയും പടക്കക്കടക്കാരുടെയും പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്. ഫലമറിഞ്ഞ് ഒരാഴ്ചക്കാലമാണ് സാധാരണ ഇവർക്ക് കൊയ്ത്തുകാലം. ആഹ്ലാദ പ്രകടനങ്ങൾ നിലച്ചാൽ ഏറെ പ്രതീക്ഷയർപ്പിച്ച ഓർഡറുകൾ നഷ്ടമാവും.
നഗരത്തിൽ മൊത്ത വ്യാപാരികൾ വിഷുപ്പടക്കങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് റിസൽട്ട് ദിവസം മുന്നിൽ കണ്ട് കൂടുതൽ സ്റ്റോക്ക് എത്തിച്ചിരുന്നു. ഇത്തവണ വിഷുവിന് നല്ല കച്ചവടവും കിട്ടി. പ്രകടനങ്ങളിെല്ലങ്കിലും പ്രവർത്തകർ പടക്കം തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. എങ്കിലും ശിവകാശിയിൽനിന്ന് കൂടുതൽ സ്റ്റോക്ക് എത്തിക്കുന്നത് നിർത്തിവെച്ചതായി പടക്ക വ്യാപാരി പറഞ്ഞു.
കോവിഡ് വ്യാപനം പരിധി വിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ആവേശം കത്തിക്കുന്നവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ഇപ്പോഴുള്ള നില തുടർന്നാൽ നിയന്ത്രണങ്ങളും ഇതേപടി തുടരേണ്ടി വരും. ഞായറാഴ്ചയാണ് ഫലം അറിയുന്നത്.
സാധാരണ നിലക്ക് പൊതു ഒഴിവ് ദിവസം ഫലമറിയുേമ്പാൾ ആവേശപ്രകടനങ്ങൾ അന്നുതന്നെ അരങ്ങേറുകയാണ് പതിവ്. എന്നാൽ, കോവിഡ് നിയന്ത്രണ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു. ഇനിയൊരറിയിപ്പു വരെ ഇത് തുടരാനാണ് തീരുമാനം.
ഞായറാഴ്ച സ്ഥിതി മാറിയില്ലെങ്കിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് അവസരം കൊടുക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്നതിനാൽ അയവുണ്ടാവില്ലെന്നാണ് കരുതുന്നത്. സാധാരണ ഫലമറിഞ്ഞതിന് ശേഷം വിവിധ ദിവസങ്ങളിലായി വിജയിച്ച കക്ഷികൾ പ്രാദേശികമായി വലിയ ആഹ്ലാദപ്രകടനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ബാൻറ് അടക്കം വാദ്യസംഘങ്ങളുടെ ഒഴിവുകൂടി പരിഗണിച്ചാണ് പ്രകടന സമയം നിശ്ചയിക്കാറ്. ഫലമറിയും മുമ്പുതന്നെ വാദ്യസംഘക്കാർക്ക് ബുക്കിങ് ലഭിക്കും. ഇത്തവണ കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്ന് ബാൻറ് കമ്പനിക്കാർ പറഞ്ഞു.
പ്രകടനങ്ങൾക്കിടയിലാണ് പടക്കങ്ങൾ പൊട്ടുക. അതത് ദിവസം ആവേശം കയറുന്നതിനനുസരിച്ച് പടക്കത്തിനുള്ള ഓർഡറും വന്നുകൊണ്ടിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ പ്രചാരണത്തിെൻറ ആവേശം കത്തിക്കയറിയ ഈ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രതീക്ഷകളാണ് കരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.