സ്വകാര്യ കോച്ചിങ് സെന്ററുകളിൽ ക്രാഷ് കോഴ്സ്; സർക്കാർ അധ്യാപകർ ശമ്പളംപറ്റി ജോലിക്ക്
text_fieldsകോഴിക്കോട്: വാർഷിക പരീക്ഷയടുത്തതോടെ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ തിരക്ക്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ജില്ലയിൽ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളിലെ ക്രാഷ് കോഴ്സിനുൾപ്പെടെ ക്ലാസെടുക്കുന്നത്. വൻ പ്രതിഫലം കൈപ്പറ്റുന്നെന്ന് അറിവുണ്ടായിട്ടും വിജിലൻസ് പരിശോധ കാര്യക്ഷമമല്ലാത്തതിനാലാണ് സർക്കാർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറക്കുന്നത്.
ഉദ്യോഗസ്ഥർ സാമ്പത്തിക നേട്ടത്തിനായി സ്വകാര്യ ട്യൂഷനെടുക്കുന്നതിലൂടെ ജനങ്ങൾക്ക് യഥാസമയം സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് വിജിലൻസ് വിലയിരുത്തൽ. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്കൂളുകളിലെ കുട്ടികളെ അധ്യാപകർ നിർബന്ധിച്ച് അയക്കുന്നതായും കമീഷൻ പറ്റുന്നതായും പരാതിയുണ്ട്. സ്വന്തമായി സെന്ററുകൾ നടത്തുന്ന അധ്യാപകരും മറ്റു ഉദ്യോഗസ്ഥരും വിദ്യാർഥികളുടെ പരീക്ഷ മാനിച്ച് സ്കൂളുകളിലും ഓഫിസുകളിലും ‘അഡ്ജസ്റ്റുമെന്റുകൾ’ നടത്തുകയാണ്. ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർവരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ്. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയാണ് ഒരു മണിക്കൂറിന് പ്രതിഫലം വാങ്ങുന്നത്.
ക്ലാസെടുക്കുന്നവരെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും വിജിലൻസ് എസ്.പി റസാഖ് പറഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതുൾപ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്.പി പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് മേലുദ്യോഗസ്ഥർക്ക് പലർക്കും വിവരം ലഭിച്ചിട്ടും വിദ്യാഭ്യാസ വകുപ്പിനെയോ വിജിലൻസിനെയോ അറിയിക്കാതെ ഇവർ സൗകര്യങ്ങൾപറ്റുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മറ്റൊരു ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ അധ്യാപകർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ ബിഹാർ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികൾ സംസ്ഥാനത്തും നടപ്പാക്കണമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. അധ്യാപകർ ഇത്തരം നടപടികളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ കർശന വകുപ്പുതല നടപടിയെടുക്കണം. തെറ്റു ചെയ്യുന്ന സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി കൈക്കൊണ്ടതോടെ അഴിമതി അവസാനിച്ചെന്നും ഉന്നത വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.