സിമൻറ്, കമ്പി, പ്ലംബിങ് സാമഗ്രികൾക്ക് വില കുത്തനെ കൂടി; നിർമാണമേഖലക്ക് വീണ്ടും പ്രതിസന്ധി
text_fieldsകോഴിേക്കാട്: കോവിഡിന് ശേഷം പ്രതിസന്ധി കടന്നുവരുന്ന നിർമാണമേഖലക്ക് കനത്തതിരിച്ചടിയായി നിർമാണവസ്തുക്കളുടെ വിലക്കയറ്റം. സിമൻറ്, പ്ലംബിങ് വസ്തുക്കൾ എന്നിവക്കാണ് അസാധാരണവിലക്കയറ്റം. സിമൻറിന് ചാക്കിന് 50 മുതൽ 70 രൂപ വരെ വില കൂടി. 420 മുതൽ 470 രൂപ വരെയാണ് നിലവിലെ വില. 340-370 ആയിരുന്നു ലോക്ഡൗണിന് ശേഷമുള്ള വില. കമ്പിക്ക് വില കിലോക്ക് 70 രൂപയായി. 50ൽനിന്നാണ് വില 70ൽ എത്തിയത്. പ്ലംബിങ് സാധനങ്ങൾക്ക് 35 ശതമാനം വില കൂടി. ഇതോടെ സാധാരണക്കാർക്ക് വലിയ പ്രതിസന്ധിയായി. ലോക്ഡൗണിനുശേഷം ചെറുകിടനിർമാണമേഖലയിൽ ഉണർവുണ്ടായി വരുകയാണ്.
ഇതരസംസ്ഥാനതൊഴിലാളികൾ പഴയപോലെ നാട്ടിൻപുറങ്ങളിൽ സജീവമായിട്ടുണ്ട്. വൻകിടനിർമാണമേഖലയിൽ പ്രതിസന്ധി നീങ്ങിയിട്ടില്ല. അതേസമയം, വീട് നിർമാണം പോലുള്ള സാധാരണക്കാരെൻറ പദ്ധതികളാണ് സജീവമായി വരുന്നത്. ഇതിനിടയിലാണ് വിലക്കയറ്റം പാരയാവുന്നത്.
കമ്പി വില ആഗോളവിലയ്ക്ക് അനുസരിച്ചാണ് നിശ്ചയിക്കുന്നത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിയന്ത്രിച്ച് ഇവിടെ ഇരുമ്പ് ലഭ്യത സുലഭമാക്കണമെന്നാണ് നിർമാണമേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. ഇലക്ട്രിക്, പ്ലംബിങ് സാമഗ്രികൾക്ക് വലിയവിലവ്യത്യാസം ഉണ്ടാവാറില്ല.
35 ശതമാനം വിലക്കൂടുതൽ ഉണ്ടായതോടെ നിർമാണം നിലക്കുന്ന സാഹചര്യമാണ്. ഇതരസംസ്ഥാനത്തൊഴിലാളികൾ കോവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ മലയാളികൾ നിർമാണത്തൊഴിലിൽ സജീവമായി വരുകയായിരുന്നു. വ്യാപാരമേഖലയും മറ്റും പ്രതിസന്ധി മറികടക്കാത്തതിനാൽ അൽപമെങ്കിലും പ്രതീക്ഷയുള്ളത് നിർമാണമേഖലയിലാണ്.
വിലക്കയറ്റംനിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് നിർമാതാക്കളും വ്യാപാരികളും ആവശ്യപ്പെടുന്നു. സാധനങ്ങൾക്ക് വില കൂടിയതോടെ കച്ചവടം കുറഞ്ഞതായി ഹാർഡ്വെയർമേഖലയിലെ വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.