ഓഡിറ്റ് റിപ്പോർട്ടിൽ കോർപറേഷന് വിമർശനം; വഴിയിൽ കിടപ്പാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ
text_fieldsകോഴിക്കോട്: ഓരോ കോർപറേഷൻ പരിധിയിലും ഉന്നത നിലവാരമുള്ള എട്ട് ശുചിമുറി സമുച്ചയങ്ങൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശപ്രകാരം കോഴിക്കോട്ട് പണിയേണ്ട എട്ടെണ്ണവും മൂന്ന് കൊല്ലം കഴിഞ്ഞിട്ടും പൂർണമായി പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞില്ല.
2021 -22 കാലത്തുതന്നെ കോർപറേഷൻ ഇതിനായുള്ള പ്രവർത്തനം തുടങ്ങിയിട്ടും ഡി.ടി.പി.സി നിർമിച്ച് കൈമാറിയ മാനാഞ്ചിറയിലെ പദ്ധതി മാത്രമാണ് പേരിനെങ്കിലും പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2022-23 വർഷത്തെ നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ നിർദേശപ്രകാരം സമ്പൂർണ ശുചിത്വം നേടുകയെന്ന ലക്ഷ്യത്തോടെയാണ് എട്ടിടങ്ങളിൽ ടേക് എ റസ്റ്റ്, ശുചിമുറി സമുച്ചയങ്ങൾ നിർമിച്ചത്. 2020-21ൽതന്നെ പണിതീർക്കാൻ നിർദേശം നൽകിയെങ്കിലും പദ്ധതി നടപ്പായില്ല.
രണ്ടിടത്ത് സ്ഥലം പോലും കണ്ടെത്തിയില്ല
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ പണിയുന്നതിന് പുറമെ പി.ടി. ഉഷ റോഡ്, എലത്തൂർ ബസ് സ്റ്റാൻഡ് എന്നിവ ഒന്നാം ഘട്ടമായും പാവങ്ങാട് ജങ്ഷൻ, സൗത്ത് ബീച്ച്, മലാപ്പറമ്പ് ജങ്ഷൻ, കാളൂർ റോഡ്, രണ്ടാം ഗേറ്റ് എന്നിവ രണ്ടാം ഘട്ടമായും നടപ്പാക്കാനായിരുന്നു തീരുമാനം. ഒന്നാം ഘട്ടത്തിൽ പി.ടി. ഉഷ റോഡിൽ കെട്ടിടം പണിതീർന്നെങ്കിലും എലത്തൂരിലേത് പാതി വഴിയെത്തി നിൽക്കുന്നു. രണ്ടാം ഘട്ടത്തിലുള്ളവയിൽ മലാപ്പറമ്പ്, കാളൂർ റോഡ്, രണ്ടാം ഗേറ്റ് എന്നീ മൂന്നെണ്ണം മാത്രമാണ് പണി തു
ടങ്ങാനായത്. പാവങ്ങാട് ജങ്ഷനിലും സൗത്ത് ബീച്ചിലും സ്ഥലം കണ്ടെത്താൻ പോലുമായില്ലെന്ന് ഓഡിറ്റിൽ റിപ്പോർട്ട് വിമർശിക്കുന്നു. സൗത് ബീച്ചിൽ പോർട്ടിന്റെ സ്ഥലം കണ്ടെത്തി അത് കൈമാറാൻ ജില്ല കലക്ടർക്ക് കോർപറേഷൻ കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയിട്ടില്ല. പാവങ്ങാട്ട് കണ്ടെത്തിയ സ്ഥലവും കടലാസ് നടപടികൾ പൂർത്തിയാവാതെ കിടപ്പാണ്. മാനാഞ്ചിറയിൽ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇതാകട്ടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടേക് എ ബ്രേക് പദ്ധതിക്കാവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കിയത്.
മാനാഞ്ചിറയിൽ പ്രവർത്തിക്കുന്നത് ഉച്ചക്ക് ശേഷം മാത്രം
ഇപ്പോൾ ഇരിങ്ങാടൻ പള്ളിയിലെ ശ്രുതി അയൽക്കൂട്ടം നടത്തുന്ന മാനാഞ്ചിറ ശുചിമുറി സമുച്ചയം പദ്ധതി പ്രകാരമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് ഓഡിറ്റർമാർ കണ്ടെത്തി. രാവിലെ ആറ് മുതൽ എട്ട് വരെ പ്രവർത്തിക്കേണ്ടതിന് പകരം മാനാഞ്ചിറ സ്ക്വയറിന്റെ പ്രവർത്തനസമയമായ ഉച്ചക്ക് രണ്ട് മുതൽ എട്ടരവരെ മാത്രമേ ശുചിമുറി പ്രവർത്തിക്കുന്നുള്ളൂ. മാനാഞ്ചിറയിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ഓഡിറ്റ് റിപ്പോർടിൽ നിർദേശിക്കുന്നു. എലത്തൂരിൽ പണി നിലച്ചമട്ടാണ്. പദ്ധതി പൂർത്തിയാക്കാൻ പല തവണ ജില്ല കലക്ടറും ശുചിത്വമിഷനും കർശനമായി ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്ന് ഓഡിറ്റ് റിപ്പോർടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.