‘ഹായ്’ പറഞ്ഞു തുടങ്ങും, ‘ബൈ’ പറഞ്ഞവസാനിക്കുമ്പോഴേക്കും നഷ്ടമാവുന്നത് കോടികൾ; ശ്രദ്ധിച്ചാൽ... ദുഃഖിക്കേണ്ട...
text_fieldsഈ വർഷം ജില്ലയിൽ അഞ്ചുകോടി രൂപയുടെ വരെ തട്ടിപ്പ്, കേസുകളുടെ എണ്ണവും കൂടി... ‘ഹായ്’ പറഞ്ഞുതുടങ്ങുന്ന മൊബൈൽ ചാറ്റ് ‘ബൈ’ പറഞ്ഞവസാനിക്കുമ്പോഴേക്കും അക്കൗണ്ടിലെ പണം കാലിയാവുന്നത് തുടർക്കഥ...
കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചതിനുപിന്നാലെ സൈബർ തട്ടിപ്പ് കേസുകൾ വലിയതോതിൽ വർധിക്കുന്നു. അഞ്ചുകോടിയോളം രൂപയുടെ വരെ തട്ടിപ്പുകളിലാണ് ഈ വർഷം ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
സിറ്റി, റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിലും ലോക്കൽ സ്റ്റേഷനുകളിലുമാണ് കേസുകൾ. നേരത്തേ സൈബർ പൊലീസ് മാത്രമാണ് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തതെങ്കിൽ പരാതിക്കാരുടെ എണ്ണം വർധിച്ചതോടെ ലോക്കൽ സ്റ്റേഷനുകളിലും നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.
സിറ്റി സൈബർ ക്രൈം സ്റ്റേഷനിൽ ഈ വർഷം ഇതുവരെ 45 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ രണ്ടെണ്ണം നാലുകോടി രൂപക്ക് മുകളിലുള്ള തട്ടിപ്പാണ്. ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറിൽ നിന്ന് 4.08 കോടി രൂപ തട്ടിയതാണ് ഒരുകേസ്. ഇതിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ടുപേരും രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരുമുൾപ്പെടെ നാലുപ്രതികൾ അറസ്റ്റിലായി.
ട്രേഡിങ്ങിലൂടെ വൻ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് 4.80 കോടി രൂപ തട്ടിയതാണ് മറ്റൊരു കേസ്. ഇതര സംസ്ഥാന സംഘം നടത്തിയ തട്ടിപ്പിന്റെ ഭാഗമായി പ്രവർത്തിച്ച്, പണം ബാങ്ക് അക്കൗണ്ട് വഴി എടുത്തുനൽകിയ ആലപ്പുഴ സ്വദേശികളായ വിദ്യാർഥികൾ ഈ കേസിൽ പിടിയിലായി. രണ്ടുകേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വാട്സ് ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ രണ്ടുലക്ഷം രൂപ കവർന്നതാണ് നഗരത്തിലെ അവസാന സൈബർ തട്ടിപ്പ് കേസ്. സംഭവത്തിൽ പണം പിൻവലിച്ചത് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലുള്ള എ.ടി.എം കൗണ്ടറിൽ നിന്നാണെന്ന് നടക്കാവ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റൂറൽ സൈബർ ക്രൈം സ്റ്റേഷനിൽ മാത്രം19 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. ഇവക്കുപുറമെയാണ് ലോക്കൽ സ്റ്റേഷനുകളിലെ കേസുകൾ. സൈബർ തട്ടിപ്പ് കേസുകളില്ലാത്ത സ്റ്റേഷനുകൾ ജില്ലയിലില്ല. ആർട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫേക്കിലൂടെയുള്ള തട്ടിപ്പിൽ രാജ്യത്താദ്യം കേസ് രജിസ്റ്റർ ചെയ്തതും കോഴിക്കോട്ടാണ്. ഓൺലൈൻ ലോട്ടറിയിലൂടെ കോടികൾ സമ്മാനം കിട്ടും, പാഴ്സലിൽ ലഹരിവസ്തു കണ്ടെത്തി, നഗ്നതയുടെയും ലൈംഗിക ചേഷ്ടകളുടെയും തെളിവ് പുറത്തുവിടും എന്നെല്ലാം പറഞ്ഞുവിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രധാനമായും തട്ടിപ്പ്.
ശ്രദ്ധിച്ചാൽ... ദുഃഖിക്കേണ്ട...
- ബാങ്ക് അക്കൗണ്ട് നമ്പർ, എ.ടി.എം കാർഡ് നമ്പർ, ഒ.ടി.പി, പിൻ, ജനന തീയതി, പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങൾ എന്നിവ അപരിചിതർക്ക് നൽകരുത്.
- ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പ് സ്ഥാപനം സെബിയിൽ റജിസ്റ്റർ ചെയ്തതാണെന്നുറപ്പാക്കണം.
- രാജ്യദ്രോഹം, ലഹരി അടക്കമുള്ള കേസുകളിൽ ഒരു എൻഫോഴ്സ്മെന്റ് ഏജൻസിയും പണം നൽകാൻ ആവശ്യപ്പെടാറില്ല.
- ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വെർച്വൽ കോടതിയും വെർച്വൽ അറസ്റ്റും ഇല്ല.
- അപരിചിതരുമായുള്ള ഓൺലൈൻ സാമ്പത്തിക ഇടപാട് ഒഴിവാക്കുക, അത്തരക്കാർ നിർദേശിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
- നിയമാനുസൃതമുള്ള ബാങ്കുകളിൽ നിന്നേ വായ്പയെടുക്കാവൂ, ഈടില്ലാത്ത വായ്പ അപകടക്കെണിയാണ്, ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകരുത്.
- അഡ്വാൻസ് പേമെന്റ് നൽകിയുള്ള സമ്മാന വാഗ്ദാനം വഞ്ചനയാണ്, ഒരു ലോട്ടറിയും സമ്മാന തുക കിട്ടാൻ മുൻകൂറായി പണം ഈടാക്കാറില്ല.
- സേവന ദാതാവിന്റെ അംഗീകൃത വെബ്സൈറ്റുകളിൽ നിന്നുമാത്രമേ കസ്റ്റമർ സപ്പോർട്ട് തേടാവൂ.
- അജ്ഞാത നമ്പറുകളിൽ നിന്നുള്ള വീഡിയോ കാളുകൾ ഒഴിവാക്കണം, ലിങ്കുകളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
ഉടൻ പരാതി നൽകുക
സൈബർ തട്ടിപ്പിനിരയായാൽ ഉടൻ പരാതി നൽകുകയാണ് ആദ്യം വേണ്ടത്. 1930 എന്ന ടോൾ ഫ്രീ നമ്പറില് ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ആവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.