കോടികൾ വെള്ളത്തിൽ; കെ.എസ്.ആർ.ടി.സി ടെർമിനൽ പൊളിഞ്ഞുവീഴുന്നു
text_fieldsകോഴിക്കോട്: മാവൂർ റോഡിൽ കോടികൾ മുടക്കി നിർമിച്ച കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് ടെർമിനൽ പൊളിഞ്ഞുവീണു തുടങ്ങി. അന്വേഷണ കൗണ്ടറിനു മുന്നിലായി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്താണ് വെള്ളിയാഴ്ച രാത്രി സീലിങ് അടർന്നുവീണത്. വേനൽമഴയിൽ മുകൾനിലയിൽനിന്നുണ്ടായ ചോർച്ചയെത്തുടർന്ന് ജിപ്സം ബോർഡ് കൊണ്ടുണ്ടാക്കിയ സീലിങ് അടർന്നുവീഴുകയായിരുന്നു. രാത്രി യാത്രക്കാർ കുറവായിരുന്ന സമയത്തായിരുന്നു സംഭവമെന്നതിനാൽ അപകടമൊഴിവായി.
ബസുകൾ നിർത്തിയിടുന്ന ട്രാക്കിനു മുന്നിലായാണ് സീലിങ് അടർന്നുവീണത്. തിരക്കുള്ള സമയങ്ങളിൽ ബസ് കാത്തിരിക്കുന്നവർ ട്രാക്കിന് മുന്നിലേക്ക് ഇറങ്ങിനിൽക്കുക പതിവാണ്. തിരക്കില്ലാത്ത സമയമായതിനാലാണ് അപകടം ഒഴിവായതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു.
ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കാലവർഷമായാൽ സ്ഥിതി കൂടുതൽ വഷളാകും. കെട്ടിടത്തിന്റെ തൂണുകൾക്ക് അടക്കം ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സീലിങ് അടർന്നുവീണത്. കൂടാതെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.
ഡിപ്പോ ഓഫിസ് കെട്ടിടത്തിൽ അടക്കം ചോർച്ച കാരണം ശുചിമുറികൾ ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. ശുചിമുറി ഇടക്കിടെ തടസ്സപ്പെട്ട് പൂട്ടിയിടലും യാത്രക്കാർ പ്രശ്നമുണ്ടാക്കലും പതിവായിട്ടുണ്ട്. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് കോടികൾ മുടക്കി നിർമിച്ച കെട്ടിടം പൂർണമായി തുറന്നുകൊടുക്കുന്നതിനു മുമ്പാണ് പൊളിഞ്ഞുവീണു തുടങ്ങിയത്.
കെട്ടിടത്തിന്റെ ചോർച്ച നേരത്തേതന്നെ വാർത്തയായിരുന്നു. 67 കോടി മുടക്കിയാണ് കെ.ടി.ഡി.എഫ്.സി കെട്ടിട സമുച്ചയം നിർമിച്ചത്. ബസ് സ്റ്റാൻഡിനേക്കാൾ വ്യാപാര സമുച്ചയത്തിന് പ്രാധാന്യം നൽകിയായിരുന്നു നിർമാണം. നിർമാണത്തിൽ അപാകതയുള്ളതായി തുടക്കം മുതൽ ആരോപണമുയർന്നിരുന്നു. നിർമാണത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.
ഇതിനിടെ, കെട്ടിടം ആലിഫ് ബിൽഡേഴ്സിന് 30 വർഷത്തേക്ക് തുച്ഛമായ വാടക നിശ്ചയിച്ച് പാട്ടത്തിന് നൽകി. ഇതിനു പിന്നാലെ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ബലപ്പെടുത്തലിന് 35 കോടി ചെലവാകുമെന്നും വിദഗ്ധ സംഘം നിർദേശിച്ചു.
എന്നാൽ, പിന്നീട് നടപടിയൊന്നും എടുത്തിട്ടില്ല. ബലപ്പെടുത്തിയശേഷം മാത്രമേ കെ.ടി.ഡി.എഫ്.സി.യിൽനിന്ന് കെട്ടിടം ഏറ്റെടുക്കൂവെന്നാണ് ആലിഫ് ബിൽഡേഴ്സിന്റെ നിലപാട്. വിഷയം ഹൈകോടതിയുടെ പരിഗണനയിലാണ്. കെട്ടിടം തൽസ്ഥിതിയിൽ കൈമാറുമെന്നാണ് ധാരണയെന്നാണ് കെ.ടി.ഡി.എഫ്.സി കോടതിയെ അറിയിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ജീവനക്കാരുടെ ശമ്പളം മുടക്കുന്ന സർക്കാർ, നഗരമധ്യത്തിൽ മാസംതോറും ലക്ഷങ്ങൾ വരുമാനം നേടാൻ സഹായിക്കുന്ന കെട്ടിടം നോക്കുകുത്തിയാക്കി നിർത്തുന്നത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സിക്കും കെ.ടി.ഡി.എഫ്.സിക്കും കെട്ടിടത്തിൽനിന്ന് വരുമാനമൊന്നും ലഭിക്കുന്നില്ല. അതേസമയം, വാടകയായും പാർക്കിങ് ഫീയായും ആലിഫ് ബിൽഡേഴ്സിന് വൻതുക ലഭിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.