‘സ്വർണക്കൊട്ടാരം’ തീർത്ത് കാക്ക: ടെൻഷനടിച്ച് വീട്ടുകാർ
text_fieldsകാപ്പാട്: സ്വർണവളകൊണ്ട് കൂടുണ്ടാക്കി തെങ്ങിൻ മണ്ടയിൽ കാക്കയുടെ ‘ആഡംബര’ ജീവിതം. ആഭരണം നഷ്ടപ്പെട്ടതിൽ ടെൻഷനടിച്ച് കഴിഞ്ഞിരുന്ന വീട്ടുകാർക്ക് വള കാക്കകൊണ്ടുപോയി കൂടുണ്ടാക്കിയെന്ന് അറിഞ്ഞപ്പോൾ ചിരിയും അദ്ഭുതവും. കാപ്പാട് കണ്ണൻകടവ് പരീക്കണ്ടി പറമ്പിൽ നസീറിന്റെയും ഷരീഫയുടെയും മകളുടെ സ്വർണവളയാണ് കാക്ക കൊണ്ടുപോയി കൂടുണ്ടാക്കാൻ ഉപയോഗിച്ചത്.
സംഭവമിങ്ങനെ: ദിവസങ്ങൾക്കുമുമ്പ് ഒരു കല്യാണത്തിൽ പങ്കെടുത്ത് നസീറിന്റെ മകൾ ആറുവയസ്സുകാരി ഫാത്തിമ ഹൈഫ വീട്ടിൽ തിരിച്ചെത്തിയപ്പോൾ താൻ അണിഞ്ഞ ഓരോ പവൻ വീതംവരുന്ന വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞു വേസ്റ്റ് ബിന്നിന്റെ മുകളിൽവെച്ചു. ഇത് എടുത്തുവെക്കണമെന്ന് ഉമ്മയോട് വിളിച്ചുപറഞ്ഞ കുട്ടി കളിക്കാൻ പോയി. എന്നാൽ, പൊതി എടുത്തുവെക്കാൻ മാതാവ് മറന്നു. 10 ദിവസം കഴിഞ്ഞ് മറ്റൊരു വിവാഹത്തിന് പോകുന്നതിന് അണിയാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് നഷ്ടപ്പെട്ടകാര്യം അറിയുന്നത്. തുടർന്ന് വീട് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകൾ പറഞ്ഞതനുസരിച്ച്, കടലാസ് പൊതി അന്വേഷിച്ച് വേസ്റ്റ് തള്ളുന്ന സ്ഥലത്ത് പരിശോധിച്ചപ്പോൾ ഒരു പവന്റെ സ്വർണമാല തിരികെക്കിട്ടി. ചുറ്റുപാടും മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വള ലഭിച്ചില്ല.
വള നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ കഴിയവെയാണ്, പഴയ പ്ലാസ്റ്റിക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മുകളിലേക്ക് പറന്നുപോകുന്നത് ഇവരുടെ ബന്ധുകൂടിയായ അയൽവാസിയുടെ ശ്രദ്ധയിൽപെട്ടത്. സ്വർണവളയും കാക്കതന്നെ കൊണ്ടുപോയതാകും എന്ന സംശയത്തിൽ തെങ്ങിൽ കയറി പരിശോധിച്ചപ്പോഴാണ് ആഭരണം കാക്കക്കൂട്ടിൽ കണ്ടെത്തിയത്. ഇതോടെ, അതുവരെയുണ്ടായിരുന്ന വീട്ടുകാരുടെ ടെൻഷൻ ചിരിക്കും സന്തോഷത്തിനും വഴിമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.