‘നിലവിളിച്ച്’ ബീച്ച് അഗ്നിരക്ഷാനിലയം കെട്ടിടം
text_fieldsകോഴിക്കോട്: നാട്ടുകാരുടെ രക്ഷകരാകേണ്ട അഗ്നിരക്ഷാ സേനയുടെ ജീവൻ ആര് രക്ഷിക്കും? പരാതിയുമായി കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിലെത്തുന്നവർ സ്വയം ചോദിച്ചുപോകും ഇങ്ങനെ. അത്രക്കും ശോചനീയമാണ് ഓഫിസ് കെട്ടിടം. ഏതു സമയത്തും നിലംപൊത്തുമെന്ന് പ്രതീക്ഷിക്കാം.
കെട്ടിടം ഉടൻ മാറ്റിപ്പണിയണമെന്ന് വിദഗ്ധർ നിർദേശിച്ചിട്ടുണ്ടെങ്കിലും ഫയർ ഫോഴ്സിന് താൽക്കാലിക സുരക്ഷ ഒരുക്കാൻ പോലും ആരും തയാറാവാത്ത അവസ്ഥയാണ്.
ഓഫിസും വിശ്രമമുറികളും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സീലിങ് അടർന്നുവീഴുകയാണ്. കൂടാതെ ബീമുകളും കോളങ്ങളും പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തുകാണുന്നുണ്ട്. തുരുമ്പ് പിടിച്ച കമ്പികൾ ഏതുനിമിഷവും മുറിഞ്ഞുവീഴാൻ പാകത്തിലാണ്. കൂടാതെ ഈ കെട്ടിടത്തിനോട് ചേർന്നുനിൽക്കുന്ന ഓവർ ഹെഡ് വാട്ടർ ടാങ്കും അത്യന്തം അപകടാവസ്ഥയിലാണ്.
ക്വാർട്ടേഴ്സ് ഉൾപ്പെടുന്ന ബ്ലോക്കിൽ പലഭാഗത്തും വിള്ളലുകളും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചെയ്യുന്നുണ്ട്. കൂടാതെ മഴക്കാലത്ത് വലിയ തോതിലുള്ള ചോർച്ചയുമുണ്ട്. അതേസമയം, കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ ഓഫിസും ക്വാർട്ടേഴ്സും നിർമിക്കാനുള്ള പ്രാരംഭ നടപടികൾ നടന്നുവരുകയാണ്. എങ്കിലും പ്രവൃത്തി എന്ന് പൂർത്തിയാകുമെന്ന് ഉറപ്പില്ല.
അത്യന്തം അപകടാവസ്ഥയിലാണ് കെട്ടിടമെന്നും ഒട്ടും സുരക്ഷിതമല്ലെന്നും ഫറോക്ക് അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. 2021ലായിരുന്നു ഇത്. ഈ കെട്ടിടത്തിൽനിന്ന് ഓഫിസ് പ്രവർത്തനങ്ങളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നും കെട്ടിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കുന്നത് ഈ അവസരത്തിൽ പ്രായോഗികമല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ ഓവർ ഹെഡ് വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ, കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാണിച്ച് നിരവധി തവണ കലക്ടര്‍ക്ക് അടക്കം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ അതുവരെ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. വെള്ളയില്‍ ഫിഷറീസ് വകുപ്പിന്റെ കെട്ടിടം അനുവദിച്ച് തരാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുകൂല നടപടികള്‍ വന്നിട്ടില്ല. കെട്ടിടം പണി കഴിയുന്നതുവരെ പ്രവര്‍ത്തിക്കുന്നതിനായി കോര്‍പറേഷനോടും സ്ഥലം അനുമതി ചോദിച്ചിരുന്നെങ്കിലും അതിലും നടപടികള്‍ വന്നിട്ടില്ല.
മഴ കനത്തതോടെ ഓഫിസ് കെട്ടിടത്തിന്റെ സ്ലാബ് ഉള്‍പ്പെടെ തകര്‍ന്നുവീഴാന്‍ പാകത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭീതിയിലാണ് ഉദ്യോഗസ്ഥർ കഴിയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിയെത്തുന്ന പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാണ് ഈ കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.