എസ്റ്റേറ്റ് മുക്ക് -കക്കയം റോഡിൽ കലുങ്ക് നിർമാണം ഇഴയുന്നു
text_fieldsഎകരൂൽ: എസ്റ്റേറ്റ് മുക്ക് - തലയാട് റോഡിലെ കലുങ്ക് നിർമാണ പ്രവൃത്തി ഇഴയുന്നതായി പരാതി. എസ്റ്റേറ്റ് മുക്ക് മുതൽ തലയാട് വരെ ഏഴു കിലോമീറ്റർ വരുന്ന ഈ റോഡിൽ എട്ടോളം ഇടങ്ങളിലാണ് കലുങ്ക് നിർമാണം നടക്കുന്നത്. എസ്റ്റേറ്റ് മുക്ക്, ശാന്തിനഗർ, എമ്മംപറമ്പ്, തെച്ചി, മരുതിൻചോട്, പടിക്കൽ വയൽ എന്നിവിടങ്ങളിലായാണ് കലുങ്കുകൾ നിർമിക്കുന്നത്. റോഡിന്റെ പകുതിയിലധികം ഭാഗം വലിയ കുഴിയെടുത്താണ് കോൺക്രീറ്റ് ജോലികൾ നടക്കുന്നത്.
പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാലിന്റെയും കലുങ്കിന്റെയും പ്രവൃത്തികളാണ് നടക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് തിരക്കേറിയ റോഡ് നവീകരണം ആരംഭിച്ചത്. എന്നാൽ, കലുങ്ക് നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുകയാണ്. തിരക്കേറിയ ഈ റോഡിന്റെ പകുതിയിലധികം ഭാഗം വെട്ടിപ്പൊളിച്ചതുകാരണം വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നത് നിത്യ സംഭവമായിരിക്കയാണ്. ഈ റൂട്ട് വഴി കക്കയം ഭാഗത്തേക്ക് നിരവധി സ്വകാര്യ ബസുകളും കക്കയം, വയലട തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും സർവിസ് നടത്തുന്നുണ്ട്. ദിനംപ്രതി വാഹനങ്ങൾ വർധിച്ചുവരുകയാണ്. ഗതാഗതക്കുരുക്ക് കാരണം പല ഭാഗത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. സ്വകാര്യ ബസുകൾക്ക് നിശ്ചിത സമയത്ത് ഓടിയെത്താൻ കഴിയാത്തതുകൊണ്ട് കോഴിക്കോട് നിന്നുവരുന്ന പല ബസുകളും ബാലുശ്ശേരി വരെ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. ഇതുകാരണം മലയോര മേഖലയിലെ ജനങ്ങൾ യാത്രാ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അധികൃതരുടെ ഉറപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു.
ശക്തമായ മഴയിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിന്ന് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടത് യാത്രക്കാരെ കൂടുതല് ദുരിതത്തിലാക്കുന്നു. കാൽനട പോലും ദുസ്സഹമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിന്റെ നിലവിലെ അവസ്ഥ കാരണം കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണെന്ന് കടയുടമകളും പറയുന്നു. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ രാഷ്ട്രീയകക്ഷികളും അധികാരികളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.