സൈക്കിൾ യാത്രക്കാരെ വെറുതെ ചുറ്റിക്കുകയാണോ!
text_fieldsകോഴിക്കോട്: സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോഴും അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇനിയും യാഥാർഥ്യമായില്ല. റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ പണിയുമെന്നും ഒഴിവു ദിവസങ്ങളിൽ ചില റോഡുകൾ സൈക്കിൾ-കാൽനട യാത്രക്കാർക്ക് മാത്രം സഞ്ചരിക്കാനാവുന്ന സംവിധാനമുണ്ടാക്കുമെന്നും സൈക്കിൾ വാങ്ങാൻ ഉദാരവായ്പ ലഭ്യമാക്കുമെന്നും മറ്റുമുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഇതുവരെ നടപടിയില്ല.
ഇതിനെതിരെ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് കോഴിക്കോട്ടെ സൈക്കിൾ മേയർ സാഹിർ അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ സവാരിക്കാർ. നെതർലൻഡ്സ് ആസ്ഥാനമായി ആഗോളതലത്തിൽ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംഘടനയായ ബി.വൈ.സി.എസ് വിവിധ നഗരങ്ങളിൽ സൈക്കിൾ മേയർമാരെ തിരഞ്ഞെടുത്തതിൽ പെട്ടയാളാണ് സാഹിർ അബ്ദുൽ ജബ്ബാർ.
കൊച്ചി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം സൈക്കിൾ സവാരിക്കാരുള്ള നഗരമാണ് കോഴിക്കോട്. മലബാറിലെ ആദ്യത്തെ സൈക്കിൾ ട്രാക്ക് സൗത്ത് ബീച്ചിലാണ്. ഇവിടെ രാവിലെ സൈക്കിൾ സവാരിക്കാരെത്തുന്നുവെങ്കിലും പലപ്പോഴും നടക്കുന്നവർ ട്രാക്കിലിറങ്ങുന്നതിനാൽ വാക്ക് തർക്കങ്ങൾ പതിവാണ്. പോംവഴിയായി കൂടുതൽ സ്ഥലങ്ങളിൽ സൈക്കിൾ ട്രാക്കുകൾ വേണമെന്നാണ് ആവശ്യം.
കെ.എസ്.ആർ.ടി.സി, ദീർഘദൂര ലോ ഫ്ലോർ, ബംഗളൂരുവിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിൽ ഇ-ബൈക്ക്, ഇ-സ്കൂട്ടർ, സൈക്കിൾ എന്നിവ യാത്രക്കാർക്കൊപ്പം കൊണ്ടുപോവാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന ഗതാഗത മന്ത്രിയുടെ ഒരു കൊല്ലം മുമ്പുള്ള പ്രഖ്യാപനവും നടപ്പായിട്ടില്ല.
റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും, സൈക്കിള്‍ ക്ലബുകളെ പ്രോത്സാഹിപ്പിക്കും, വര്‍ഷത്തില്‍ ഒരുദിവസം സൈക്ലിങ് ദിനമായി ആചരിക്കും, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ റിലേ സൈക്ലിങ് സംഘടിപ്പിക്കുകയും ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
പ്രതീക്ഷയായി കോർപറേഷൻ പദ്ധതി
പിങ്ക് റൈഡേഴ്സ് എന്നപേരിൽ മാനാഞ്ചിറ സ്ക്വയറിൽ സൈക്കിൾ ലഭ്യമാക്കാൻ കോർപറേഷൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും യാഥാർഥ്യമായില്ല. എന്നാൽ, ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയിൽ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍യാത്ര ഒരുക്കാൻ കോഴിക്കോട് കോര്‍പറേഷന്റെ പദ്ധതി ആരംഭിച്ചതാണ് ആശ്വാസം.
പബ്ലിക് സൈക്കിൾ സവാരി @ വാർഡ് 63 എന്ന പേരിൽ തിരുത്തിയാട് വാർഡിൽ പദ്ധതി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. കുടുംബശ്രീ ആഭിമുഖ്യത്തിൽ ഓരോ വാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങാനായി സൈക്കിളുകൾ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചു.
കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ആദ്യഘട്ടമായി 10 വാർഡിൽ ഓരോ വാർഡിലും 20 വീതം സൈക്കിളാണ് വാങ്ങുന്നത്. വിജയിച്ചാൽ മറ്റ് വാർഡിലും നടപ്പാക്കും. ഇതിനായി 1.5 കോടി രൂപയാണ് മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.