ഡി കാറ്റഗറിയിൽ ആളുകൾ യഥേഷ്ടം പുറത്ത്; വിലക്ക് കടകൾക്കും സ്ഥാപനങ്ങൾക്കും മാത്രം
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനത്തോതനുസരിച്ച് ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ കടകൾക്കും സ്ഥാപനങ്ങൾക്കും മാത്രം ബാധകം.
സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ ആളുകൾ യഥേഷ്ടം യാത്രചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. രോഗസ്ഥിരീകരണ നിരക്ക് അനുസരിച്ച് പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള ഇടങ്ങൾ എ കാറ്റഗറിയിലും 16 ശതമാനത്തിൽ കൂടുതൽ ഉള്ള ഇടങ്ങൾ ഡി കാറ്റഗറിയിലുമാണ് ഉൾപ്പെടുന്നത്. എ പൂർണമായി തുറക്കുകയും ബിയും സിയും ഭാഗികമായി തുറക്കുകയും ചെയ്യുമ്പോൾ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ സമ്പൂർണ ലോക്ഡൗണിലാണ്.
ഡി കാറ്റഗറി എന്നത് രേഖകളിൽ സമ്പൂർണ ലോക്ഡൗണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണെങ്കിലും ഫലത്തിൽ കടകളും സ്ഥാപനങ്ങളും മാത്രമാണ് അടച്ചിടുന്നത്. റോഡുകളിൽ ഗതാഗതക്കുരുക്കും വാഹന ബാഹുല്യവുമാണ്. എല്ലാവരും സ്വന്തം വാഹനങ്ങളുമായി നിരത്തിലിറങ്ങുകയാണ്.
കടകൾ തുറക്കുന്ന എ, ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ചെന്ന് സാധനങ്ങൾ വാങ്ങി തിരിച്ചുവരും. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാത്തതിനാൽ ഓരോ ആവശ്യങ്ങൾക്കായി ഓരോ ദിവസവും പോകേണ്ട അവസ്ഥയാണ്. പെരുന്നാളിനോടനുബന്ധിച്ച് ഡി കാറ്റഗറിയിലല്ലാത്ത ഇടങ്ങളിലെല്ലാം ഞായറാഴ്ച മുതൽ മൂന്ന് ദിവസം എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഡി കാറ്റഗറിയിലെ വ്യാപാരികൾക്ക് കച്ചവടനഷ്ടം എന്നതിലപ്പുറം നിയന്ത്രണംകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകുന്നില്ല. ഡി കാറ്റഗറിയിലുള്ള ആളുകളെല്ലാം കടകൾ തുറക്കുന്ന തൊട്ടടുത്ത പ്രദേശങ്ങളിൽ ഒഴുകുകയും അവരുടെ ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.