മഴയിൽ വ്യാപക നാശനഷ്ടം; മരം വീണ് ഹോളോബ്രിക് കമ്പനി കെട്ടിടം തകർന്നു
text_fieldsകോഴിക്കോട്: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായി ജില്ലയിൽ പലയിടത്ത് നാശനഷ്ടങ്ങളുണ്ടായി. കച്ചേരി വില്ലേജിൽ കനകാലയ ബാങ്കിന് പടിഞ്ഞാറുവശം വാടകയ്ക്കു താമസിക്കുന്ന ശിവപ്രകാശൻ, വേങ്ങേരി വില്ലേജ് കരുവിശ്ശേരി ദേശത്ത് തിരുത്തിയിൽ ക്ഷേത്രത്തിന് സമീപം മീനാക്ഷി ചിറ്റേനിപ്പാട്ട് പറമ്പ് തുടങ്ങിയവരുടെ വീടിന് മുകളിൽ തെങ്ങു വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
എലത്തൂർ വില്ലേജ് മൊകവൂർ ദേശത്ത് വീടിന് മുകളിലേക്ക് തെങ്ങ്, മാവ് എന്നിവ വീണ് ഭാഗിക നാശനഷ്ടങ്ങളുണ്ടായി. വിമല നരിക്കുനി താഴം, റീന കൊന്നക്കൽ, ബാലരാമൻ വെള്ളാങ്കൂർ, വിജീ വെള്ളാങ്കൂർ എന്നിവരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചെലവൂർ എഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടും കോളി മരം, തെങ്ങ് എന്നിവ മുറിഞ്ഞ് വീണ് ഭാഗികമായി നശിച്ചു.
പന്തീരാങ്കാവ്: ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഹോളോ ബ്രിക്സ് കമ്പനി കെട്ടിടം തകർന്നു. ഒളവണ്ണ പഞ്ചായത്തിലെ കളിക്കുന്നിൽ വ്യവസായ കേന്ദ്രം ലീസിന് നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന ബേസ് ലാൻഡ് ടെക്നിക്സിന്റെ ബ്രിക് നിർമാണ കേന്ദ്രമാണ് തകർന്നത്.
48 സെൻറ് സ്ഥലമാണ് ഇവിടെ സർക്കാറിന്റേതായി ഉള്ളത്. ഈ സ്ഥലത്തിന്റെ മൂന്ന് വശവുമുള്ള അതിരുകളിൽ അപകടാവസ്ഥയിൽ നിരവധി മരങ്ങൾ ഉണ്ട്. 2016 മുതൽ ഇവ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതരും സമീപ വീട്ടുകാരും അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.2021ൽ വ്യവസായ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് മരങ്ങൾ മുറിച്ച് മാറ്റുമെന്ന് രേഖാമൂലം വ്യവസായ വകുപ്പ് മറുപടി നൽകിയെങ്കിലും തീരുമാനം ഫയലിൽ തന്നെയാണ്. തൊട്ടടുത്തുള്ള അംഗൻവാടിക്കും ഈ മരങ്ങൾ ഭീഷണിയാണ്.
നാല് ലക്ഷത്തോളം രൂപയാണ് വെള്ളിയാഴ്ചയിലെ അപകടത്തിൽ നഷ്ടമായത്.
തെങ്ങുവീണ് വീടും കടയും തകർന്നു
ഫറോക്ക്: തെങ്ങുവീണ് വീടും സമീപത്തെ കടയും ഭാഗികമായി തകർന്നു. കുണ്ടായിത്തോട് തോട്ടാംകുനി ശ്രീമതിയുടെ വീടും സമീപത്തെ മകന്റെ ടെയ്‍ലറിങ് കടയുമാണ് ഭാഗികമായി തകർന്നത്.
കടയിൽനിന്ന് മകനും വീട്ടുകാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രി പത്തരയോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും തെങ്ങ് കടപുഴകിവീണാണ് അപകടം. ശ്രീമതിയുടെ മകൻ ബിനോയ് ഈ സമയം തയ്യൽകടയിൽ ജോലിയിലായിരുന്നു. തെങ്ങുവീണ് കടയുടെ ഓടും മറ്റും തകർന്നുവീണതിനാൽ തയ്യൽ മെഷീൻ തകർന്നു.
കൂടാതെ, പെരുന്നാളിന് തയ്ക്കാനായി കടയിൽ സൂക്ഷിച്ച തുണിത്തരങ്ങളും വസ്ത്രങ്ങളും ഓടും തെങ്ങിന് മുകളിലെ മാലിന്യങ്ങളും മഴവെള്ളവും കലർന്ന് നശിച്ചു. ശ്രീമതിയുടെ രണ്ടു മക്കളും മരുമകളും ഇവരുടെ രണ്ടു ചെറിയകുട്ടികളും അടുക്കള വാതിൽവഴി ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.