കോതിപ്പാലത്തിലെ സ്പാനുകളിൽ അപകട വിടവുകൾ; കണ്ണുതെറ്റിയാൽ കാൽ കുരുങ്ങും
text_fieldsകോഴിക്കോട്: കോതിപ്പാലത്തിന് മുകളിലെ സ്പാനുകളിൽ അപകടകരമായ വിടവുകൾ. പാലത്തിനു മുകളിൽ റോഡിലാണ് സ്പാനുകളിൽ വിടവ് രൂപപ്പെട്ടത്.
സ്പാനുകളുടെ ജോയന്‍റുകളിൽനിന്ന് ടാറും മെറ്റലും പൊളിഞ്ഞുമാറിയതോടെയാണ് വലിയ വിടവുകൾ ഉണ്ടായത്. സ്പാനുകളുടെ ഏഴു യോജിപ്പുകൾ ഉള്ള പാലത്തിൽ രണ്ടിടത്ത് പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും ഇതാണ് അവസ്ഥ. ഒരിടത്ത് സ്ഥിതി ഗുരുതരമാണ്.
ടാറിങ്ങിന് മുന്നെ സ്പാനുകൾക്കിടയിൽ തകിട് ഷീറ്റിട്ട് ഉറപ്പിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിടവുകളിൽ മരക്കഷണങ്ങൾ ഇട്ട് ഉറപ്പിച്ചിരുന്നെന്നും, വാഹനങ്ങൾ പോകുമ്പോൾ ഈ കഷണം പാലത്തിന് താഴേക്കു വീണുപോകുമെന്നുമാണ് ഇവർ പറയുന്നത്.
ദിവസേന നൂറുകണക്കിന് യാത്രക്കാരും ബീച്ചിലെത്തുന്ന സഞ്ചാരികളും കടന്നുപോകുന്ന പാലമാണിത്. യാത്രക്കാരുടെ കാലുകൾ കുടുങ്ങിപ്പോകുന്ന തരത്തിലാണ് ഇതിെൻറ അവസ്ഥ. വിടവുകളിലൂടെ നോക്കിയാൽ പാലത്തിെൻറ താഴെ വരെ കാണാം. മുമ്പ് കന്നുകാലികളുടെ കാലുകൾ വിടവുകളിൽ കുടുങ്ങിയിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളും അപകടത്തിൽപ്പെടും. പാലത്തിന് മുകളിൽ റോഡ് മുറിച്ചുകടക്കുമ്പോഴാണ് പലരുടെയും കാൽ വിടവുകളിൽ കുടുങ്ങിയത്.
1995 പി.കെ.കെ. ബാവ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പാലത്തിെൻറ ശിലാസ്ഥാപനം നടന്നത്. പാലത്തിെൻറ പണി പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് നിർമാണം നടന്നത് 2015ൽ വി.കെ.ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ്.
അത്രയും കാലം ഇവിടത്തുകാർ കോണിവെച്ചായിരുന്നു പാലത്തിൽ കയറിയിരുന്നത് എന്നത് വിചിത്രമായ മറ്റൊരു യാഥാർഥ്യമാണ്. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കലിൽ ഉണ്ടായ പ്രതിസന്ധിയാണ് വില്ലനായത്. കാപ്പാട്-ബേപ്പൂർ തീരദേശപാതയെ കല്ലായി പുഴയുടെ അക്കരെയിക്കരെ കടത്തേണ്ട കണ്ണിയാണ് കോതിപ്പാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.