പകൽ കത്തുന്നു; തണൽ തേടി കോഴിക്കോട് നഗരം
text_fieldsകോഴിക്കോട്: വേനൽ കനത്തതോടെ നാടും നഗരവും ചുട്ടുപൊള്ളുന്നു. പകൽ സമയങ്ങളിൽ പ്രത്യേകിച്ചും നഗരത്തിൽ പുറത്തിറങ്ങൽ കഠിന പരീക്ഷണമായിത്തുടങ്ങി. വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന സൂചന. മാർച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇനി ഏപ്രിൽ, മേയ് മാസങ്ങൾ കടന്നു കിട്ടണം.
കത്തുന്ന സൂര്യന്റെ കണ്ണുകളിൽനിന്ന് അഗ്നി വർഷിക്കുന്ന പ്രതീതിയാണ് നഗരത്തിൽ. തണൽതേടി അലയുകയാണ് ജനം. ചോല തീർത്ത മരങ്ങളെല്ലാം വെട്ടിമാറ്റിയതിന്റെ ദുരന്തം. പകരം മരം വെക്കാനോ റോഡിലെ വനവത്കരണത്തിന് പ്രാധാന്യം നൽകാനോ സർക്കാർ ഇടപെടൽ വേണ്ടിയിരുന്നു. പുതിയ ബൈപാസുകളിൽ പോലും അലങ്കാരച്ചെടികൾ ഉണ്ടെന്നല്ലാതെ മരങ്ങളില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ ഉള്ള മരങ്ങളും മുറിച്ചുപോയി.
വാഹനം നിർത്താനും അൽപം തണൽ കിട്ടാനും എവിടെ മരങ്ങൾ? എന്ന് തേടുകയാണ് ജനം. വാഹനങ്ങളിൽ പോകുന്നവർക്കാണ് ഏറെ പൊള്ളുന്നത്. ഇരുചക്ര വാഹനക്കാർക്ക് സിഗ്നലുകളിൽ കാത്തുനിൽക്കുമ്പോൾ സൂര്യാഘാതമേൽക്കുമോ എന്ന ഭയമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ട്രാഫിക് ജോലിയിൽ ഏർപെട്ട പൊലീസുകാരന് സൂര്യാതപമേറ്റു.
എയർ കണ്ടീഷണറുകളില്ലാത്ത കാറിൽ യാത്ര ചെയ്യാനാവാത്ത അവസ്ഥ. നഗരത്തിരക്കിന്റെ ചൂടിൽ വെന്തുരുകുകയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ. ഗതാഗതക്കുരുക്കിൽപെട്ടാൽ അവരുടെ കാര്യം കഷ്ടമാണ്. ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾ ഓടിക്കുന്നവരുടെയും അവസ്ഥ ദയനീയം.
ചുമട്ടുതൊഴിലാളികൾ, ഭക്ഷണവിതരണശൃംഖലക്കാർ തുടങ്ങിയവർക്ക് കടുത്ത പകലുകളാണ് തരണം ചെയ്യേണ്ടി വരുന്നത്. നഗരത്തിലെ കാൽനടക്കാരുടെ അവസ്ഥയും പരിതാപകരം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജീവമായതോടെ പിഞ്ചു കുട്ടികളടക്കം നഗരത്തിൽ കാൽനടക്കാരായുണ്ട്. ബസ്വെയ്റ്റിങ് ഷെഡുകൾ പലതും ഉപയോഗയോഗ്യമല്ല.
റോഡിലെ മരങ്ങളെ ശാസ്ത്രീയമായി പരിപാലിക്കാത്തതിനാൽ അപകടകരമായ രീതിയിൽ വളരുകയും മഴക്കാലത്ത് കടപുഴകുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇതൊഴിവാക്കാനാവശ്യമായ പരിപാലനം വേണമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.
ആഘോഷപൂർവം നടുന്ന മരങ്ങൾ പരിപാലിക്കാൻ വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാൽ വനവത്കരണപദ്ധതികൾ ഫലശൂന്യമായിപ്പോവുന്നതായി പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ ടി. ശോഭീന്ദ്രൻ 'മാധ്യമ'ത്തോടു പറഞ്ഞു. ഒരു മരം വെട്ടുമ്പോൾ പത്ത് മരം വെച്ച് പിടിപ്പിക്കണമെന്നാണ് ചട്ടം. ഇങ്ങനെ വെക്കുന്ന മരങ്ങൾ പരിപാലനം ലഭിക്കാതെ നശിക്കുന്ന അവസ്ഥയുണ്ട്.
എന്താണ് സൂര്യാഘാതം? സൂര്യാതപം?
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുകയും ഇതു മൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയാൻ തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തേക്കാൾ അൽപം കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തുടുക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യും. വേഗം ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാവുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല എന്ന് ഡോക്ടർമാർ പറയുന്നു.
ചൂടിനെ നേരിടാൻ
- ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുക
- ഉപ്പിട്ട കഞ്ഞിവെള്ളം തണ്ണിമത്തൻ, പഴങ്ങൾ, പച്ചക്കറി
- സാലഡ് കഴിക്കുക
- അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
- വെയിലത്ത് ജോലി ചെയ്യുന്നവർ ഉച്ചക്ക് 11നും
- മൂന്നിനുമിടയിൽ വിശ്രമിക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക
- വീടിന്റെ വാതിലുകളും ജനലുകളും വായുസഞ്ചാരത്തിനു
- പാകമായ രീതിയിൽ തുറന്നിടുക
- വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹങ്ങളിൽ കുട്ടികളെ ഇരുത്തരുത്.
- കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും
- രോഗികളെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് നേരിയ സൂര്യാഘാതമേറ്റാൽ പോലും അപകടസാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.