കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ച സംഭവം: മരുന്ന് മാറിയിട്ടില്ലെന്ന് അധികൃതർ
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അധികൃതർ വിശദീകരണം നൽകി. മരുന്ന് മാറി കുത്തിവെച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചത്. ടെസ്റ്റ് ഡോസ് എടുത്ത ശേഷമാണ് യുവതിക്ക് ഇൻജക്ഷൻ നൽകിയത്. ഡോക്ടർ നിർദേശിച്ച മരുന്ന് മാറിയിട്ടില്ലെന്നും ക്രിസ്റ്റലിൻ പെനിസിലിൻ എന്ന മരുന്നാണ് കുത്തിവെച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.
കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് സിന്ധു മരിച്ചതെന്ന് കാണിച്ച് ഭർത്താവ് രഘു ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയിൽ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം. നഴ്സ് തുടർച്ചയായി രണ്ട് ഇൻജക്ഷൻ നൽകിയെന്നും അതു കഴിഞ്ഞയുടൻ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ് ഭർത്താവ് രഘു പറയുന്നത്. അൽപസമയം കഴിഞ്ഞപ്പോൾ ശരീരം നീലിക്കുന്ന അവസ്ഥയിലെത്തി.
വായിൽ നിന്ന് നുരയും പതയും വന്നു. ഡെങ്കിപ്പനി സംശയിച്ച് ബുധനാഴ്ചയാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഡെങ്കിപ്പനി ഇല്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സിന്ധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.