മോഡലിന്റെ മരണം; ശാസ്ത്രീയ പരിശോധന വിഭാഗം തെളിവെടുത്തു
text_fieldsകോഴിക്കോട്: മോഡലും നടിയുമായ യുവതി മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന വിഭാഗം തെളിവെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാന (21) പറമ്പിൽ ബസാറിനടുത്ത് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സയന്റിഫിക് ഓഫിസർ കെ.എസ്. ശ്രുതിലേഖയുടെ നേതൃത്വത്തിൽ തെളിവെടുത്തത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് അസി.കമീഷണർ കെ. സുദർശൻ, ചേവായൂർ എസ്.ഐ ഡി. ഷബീബ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി തെളിവെടുത്തത്. ഷഹാന തൂങ്ങികിടന്ന കയർ, മുറിയിലെ മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ വീണ്ടും പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗവും തെളിവെടുത്തിരുന്നെങ്കിലും പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാരുടെ പ്രാഥമിക നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന് സംഘം എത്തിയത്.
ഭർത്താവ് കക്കോടി മക്കട അയ്യപ്പൻ കണ്ടി സജ്ജാദ് (32) മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് തെളിവു ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ചെറിയ തൂക്കു മെഷീൻ കണ്ടെത്തി. പുകവലിക്കാൻ ഉപയോഗിക്കുന്ന ചെറിയ കൂടും കണ്ടെത്തിയിരുന്നു. പ്രമുഖ ഭക്ഷണ വിതരണ കമ്പനിയുടെ ഏജന്റായി പ്രവർത്തിക്കുന്ന സജാദ് മയക്കുമരുന്നുകൾ വിൽപന നടത്തിയിരുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ സജാദിൽനിന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരിൽനിന്ന് തെളിവെടുത്തിട്ടുണ്ട്.
ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തി സജാദിനെതിരെ കേസെടുത്തതിനാൽ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. മരണദിവസം രാത്രി ഇരുവരും കലഹിക്കുകയും തുടർന്ന് ഷഹാന മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ മൊഴി നൽകിയത്. അവയവങ്ങളുടെ രാസ പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഷഹാനയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.