ബംഗാൾ സ്വദേശിയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ പശ്ചിമ ബംഗാൾ ഡാർജിലിങ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ വർദ്ദമാൻ സ്വദേശി തൗഫീഖിനെയാണ് (ശങ്കർ-45) ടൗൺ ഇൻസ്പെക്ടർ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.
ജൂലൈ 29ന് പുലർച്ച ഒന്നോടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ കടവരാന്തയിലായിരുന്നു 65 വയസ്സ് തോന്നിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ മൂർച്ചയുള്ള ആയുധമുപയോഗിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി. പോസ്റ്റുമോർട്ടത്തോടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. തെരുവിൽ കഴിഞ്ഞവരെ കോവിഡ് കാലത്ത് താമസിപ്പിച്ച ഉദയം പുനരധിവാസ കേന്ദ്രത്തിൽ ഫോട്ടോ സഹിതം അന്വേഷിച്ചതോടെയാണ് ഡാർജിലിങ് സ്വദേശി ആഷിഖ് ഖാനാണ് മരിച്ചതെന്ന് വ്യക്തമായത്.
ആഷിഖ് ഖാനുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയായ തൗഫീഖിനെക്കുറിച്ചറിയുന്നത്. കൊലപാതകം നടന്ന സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കൊലപാതകം സംബന്ധിച്ച തെളിവുകളും ലഭിച്ചു.
ആഷിഖ് ഖാനും തൗഫീഖും തമ്മിൽ വാക്ക്തർക്കമുണ്ടായതായി ചിലർ മൊഴിയും നൽകിയിരുന്നു. തൗഫീഖ് എത്താനിടയുള്ള സ്ഥലങ്ങളെല്ലാം അന്വേഷിക്കുന്നതിനിടെയാണ് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്. തൗഫീഖ് മാഹിയിൽ നിന്ന് മദ്യം കോഴിക്കോട്ടെത്തിച്ച് വിൽപന നടത്താറുണ്ടായിരുന്നു. ഇങ്ങനെ കൊണ്ടുവന്ന മദ്യം എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മരിച്ചത് ആഷിഖ്ഖാൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഔദ്യോഗിക രേഖകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ടൗൺ അസി. കമീഷണർ ടി. അഷ്റഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ കെ. മുരളീധരൻ, ജെയിൻ, ബൈജുനാഥ്, സി.പി.ഒമാരായ രമേശൻ, രാജേഷ്, ഷൈജേഷ്, ബിജു, ബിനിൽ, വിജീഷ്, ജിതേന്ദ്രൻ, രതീഷ്, ലിജു, അരുൺകുമാർ, രഞ്ജിത്ത്, ശ്രീജേഷ്, പ്രജിത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ സുജിത്ത്, ഷാലു, സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.