പാതിവഴിയിൽ മുറിഞ്ഞ് ആ വരികൾ; നോവോർമയായി സുനിലിന്റെ മടക്കം
text_fieldsപന്തീരാങ്കാവ്: സുനിൽ കുമാറിന്റെ ശ്വാസ നിശ്വാസങ്ങളിൽ പോലും എസ്.പി.ബിയുടെ ഈരടികളായിരുന്നു. വിവാഹ ചടങ്ങുകളിലും ക്ലബുകളുടെ വാർഷികാഘോഷ വേദികളിലുമൊക്കെ ഗാനമേളകളിൽ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളെ നെഞ്ചേറ്റിയ പെരുമണ്ണ സ്മിതാലയത്തിൽ സുനിൽകുമാർ (47) എസ്.പി.ബിയുടെ 'കേളടി കൺമണി'യെന്ന് തുടങ്ങുന്ന പാട്ടിന്റെ വരികൾ പാടി പൂർത്തിയാക്കാതെയാണ് കഴിഞ്ഞദിവസം ജീവിതത്തിന്റെ പാതിവഴിയിൽ നിന്നിറങ്ങിപ്പോയത്.
ബുധനാഴ്ച ചെറുകുളത്തൂരിലെ സുഹൃത്തിന്റെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് ഒരുക്കിയ ഗാനമേളയിൽ പാട്ടുപാടുന്നതിനിടെയാണ് സുനിൽ കുഴഞ്ഞുവീണത്. വേദിയിലേക്ക് കയറും മുമ്പുതന്നെ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും അത് ഹൃദയാഘാതമാണെന്ന് തിരിച്ചറിയാനായില്ല. തുടർന്ന് ഊർജസ്വലനായി മൈക്ക് കൈയിലെടുത്ത് ആദ്യ വരികൾ പൂർത്തിയാക്കിയ ഉടനെയാണ് തളർന്നുവീണത്. സദസ്സിലുണ്ടായിരുന്ന ഡോക്ടർ ഉടൻ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല.
പെരുമണ്ണ യുവജന കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്ന സുനിൽകുമാർ പ്രദേശത്തെ ഗാനമേള വേദികളിൽ എസ്.പി.ബി, റഫി, കിഷോർ പാട്ടുകളുടെ സ്ഥിരം ഗായകനായിരുന്നു. ഹിന്ദി, തമിഴ് പാട്ടുകളാണ് മിക്കപ്പോഴും പാടിയിരുന്നത്. പാട്ടുകാരൻ എന്നതിനുപുറമെ നല്ലൊരു തബല, ട്രിപ്പ്ൾ ഡ്രം വാദകനുമായിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽകുമാർ സ്കൂൾ തലം മുതൽ തന്നെ കലാവേദികളിൽ സജീവമാണ്. നഗരത്തിലെ പല പ്രമുഖ പാട്ടുകാർക്കൊപ്പവും പാടിയ സുനിൽ ചില സംഗീത ട്രൂപ്പുകളിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.