ബൈക്കിൽ ‘മരണാഭ്യാസം’; നഗരറോഡുകളിൽ ഭീതി
text_fieldsകോഴിക്കോട്: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ബൈക്കുകൾ ചീറിപ്പായിച്ച് നടത്തുന്നത് ജനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഹെഡ്ലൈറ്റും എടുത്തുമാറ്റി ‘ഭീകര’ രൂപത്തിലാക്കിയാണ് ആളുകളുടെ ശ്രദ്ധകിട്ടാൻ മരണവെപ്രാളത്തിൽ പോകുന്നത്.
പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കണ്ണുവെട്ടിച്ചും കൺമുന്നിലുമാണ് അഭ്യാസം. ബീച്ച് റോഡ്, മാവൂർ റോഡ്, മിനി ബൈപാസ്, വയനാട് റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളാണ് ഇത്തരം സംഘങ്ങളുടെ പ്രധാന വേദി.
ചില സമൂഹമാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ബൈക്ക് റേസിങ്. ഹെൽമറ്റുകളിൽ കാമറ ഘടിപ്പിച്ച് അമിത വേഗത്തിന്റെ ഭീകര ദൃശ്യവും സ്പീഡോ മീറ്ററിലെ സൂചിയുടെ കുതിപ്പും പകർത്തിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ഫോളോവേഴ്സിനെ കൂട്ടുന്നതിലും ഇത്തരം സംഘങ്ങൾക്കിടയിൽ മത്സരം നടക്കുന്നുണ്ട്.
ഹെൽമറ്റ് ധരിക്കാതെയും ഇത്തരം പ്രകടനം അരങ്ങേറുന്നു. ആളുകൾ കൂടുതലുള്ള സമയത്ത് കൂട്ടമായെത്തുന്ന ഇക്കൂട്ടർ ഏറെനേരം റോഡ് കൈയടക്കുന്നത് അറിയിച്ചാലും പൊലീസ് എത്തുമ്പോഴേക്കും സംഘം കടന്നുകളയുകയാണ് പതിവ്.
അമിത വേഗത്തിനൊപ്പം കൈകൾ വിട്ട് ബൈക്കോടിക്കുക, ബൈക്കിന്റെ മുൻവശം ഉയർത്തുക, പിൻവശം ഉയർത്തുക, കാലുകൾ ഹാൻഡലിൽ കയറ്റിവെക്കുക തുടങ്ങിയവയാണ് ഇവരുടെ അഭ്യാസം. മികച്ച റേസിങ്ങുകാർക്ക് സിനിമയിൽ അവസരം ലഭിക്കുമെന്ന പ്രചാരവും ബൈക്ക് റേസിങ്ങുമായി ബന്ധപ്പെട്ട ചില ഓൺലൈൻ ഗെയിമുകളുമാണ് യുവാക്കളെ ഈ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നത്. അഭ്യാസ പ്രകടനങ്ങൾക്കായി ബൈക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നതും വൻ ശബ്ദത്തിനായി സൈലൻസറുകൾ മാറ്റുന്നതുമെല്ലാം പതിവാണ്.
കഴിഞ്ഞദിവസം ഇത്തരം സംഘത്തിൽപെട്ട ആറുപേരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.