ഞെളിയൻപറമ്പിൽ അടിയന്തര നടപടിക്ക് തീരുമാനം
text_fieldsകോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ അടിയന്തര മുൻകരുതലുകൾ കൈക്കൊള്ളാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തീരുമാനിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ടുള്ള കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷർ, പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ അധികൃതർ, എൻജിനീയർമാർ എന്നിവർ പങ്കെടുത്തു. ഞെളിയൻപറമ്പിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ വെക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പെട്ടെന്ന് നടപടിയെടുക്കും. മാലിന്യ സംസ്കരണ കേന്ദ്രത്തിനു ചുറ്റും അഗ്നിശമന വാഹനങ്ങൾ വിന്യസിക്കും.
വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അഞ്ചു മീറ്റർ വീതിയിൽ സൗകര്യമൊരുക്കണമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് കലക്ടർ നൽകിയ നിർദേശവും നടപ്പാക്കും. മാലിന്യക്കൂമ്പാരത്തിന്റെ ഉയരം പരമാവധി ആറു മീറ്ററിൽതന്നെ നിജപ്പെടുത്തും. മാലിന്യക്കൂമ്പാരങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്നര മീറ്റർ വീതിയിൽ അകലവും നൽകും.
ഓരോ മാലിന്യക്കൂമ്പാരവും വേർതിരിച്ചുനിർത്തും. വേർതിരിച്ച പ്ലാസ്റ്റിക് കൂമ്പാരങ്ങളുടെ നടുവിലായി അഞ്ചുമീറ്റർ വീതിയിൽ അഗ്നിശമന വാഹനങ്ങൾക്ക് ഗതാഗത സൗകര്യങ്ങൾ ഒരുക്കും.വെള്ളം പമ്പുചെയ്യുന്നതിന് ഫിക്സഡ് ഫയർ ഫൈറ്റിങ് ഇൻസ്റ്റലേഷൻ, അണ്ടർ ഗ്രൗണ്ട് ടാങ്ക്, ഇലക്ട്രിക് പമ്പ്, ഡീസൽ പമ്പ് എന്നിവ സ്ഥാപിക്കും.
ചുറ്റിലും ഹൈഡർ ലൈൻ സ്ഥാപിക്കും. തീപിടിത്തം കണ്ടെത്താനും അനധികൃതമായി ആളുകൾ പ്ലാന്റുകളിലേക്ക് കടക്കുന്നത് തടയാനും ആവശ്യമായ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും കോർപറേഷൻ സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകിയിരുന്നു.
മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിൽ ബ്രഹ്മപുരത്ത് സംഭവിച്ചതുപോലുള്ള ദുരന്തം സംഭവിക്കാതിരിക്കാൻ കോർപറേഷൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കോർപറേഷൻ സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ഞെളിയൻപറമ്പ് സന്ദർശിച്ച ശേഷം കമീഷൻ 2022 ആഗസ്റ്റ് 30ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിലിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഞെളിയൻപറമ്പിൽ അഗ്നിബാധയുണ്ടായാൽ ബ്രഹ്മപുരം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത മനുഷ്യാവകാശ കമീഷന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിന് സമീപമാണ് ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. 2019ൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ സോണ്ട ഇൻഫ്രോടെക് എന്ന കമ്പനിക്ക് 7.75 കോടിക്ക് കരാർ നൽകിയെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഏതുസമയത്തും തീപിടിക്കാൻ സാധ്യതയുള്ള മാലിന്യക്കൂമ്പാരംകണ്ട് നിസ്സഹായരാണ് പ്രദേശവാസികളെന്നും ശോഭിത പരാതിയിൽ വിശദീകരിച്ചിരുന്നു.
സോണ്ട ഇൻഫോടെക്കുമായുള്ള കരാർ പുതുക്കണോയെന്ന് പരിശോധിക്കും
കോഴിക്കോട്: ഞെളിയൻപറമ്പിൽ വർഷങ്ങളായി കൊണ്ടിട്ട മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്യാനുള്ള കരാർ ഇനിയും പുതുക്കാൻ ബുദ്ധിമുട്ടാണെന്ന് കരാറുകാരായ സോണ്ട ഇൻഫോടെക്കിനെ അറിയിച്ചിട്ടുണ്ടെന്ന് മേയർ ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും പറഞ്ഞു.
സർക്കാറുമായും കരാറുകാരുമായും ആലോചിച്ച് ഉന്നത തലയോഗം വിളിച്ചശേഷമാവും തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവുക. ബയോമൈനിങ് പൂർത്തിയാക്കിയാലേ പ്ലാന്റ് നിർമാണം തുടങ്ങാനാവൂ. ജൈവ മാലിന്യങ്ങൾ കൂട്ടി അതിന് മുകളിൽ പൂന്തോട്ടവും മറ്റും ഒരുക്കുന്ന കാപ്പിങ് ജോലിയും കരാറിലുണ്ട്. കാരാർ കാലാവധി കഴിഞ്ഞതാണ്.
ഏറ്റവുമവസാനം പ്രവൃത്തി തീർക്കാൻ കോർപറേഷൻ 60 ദിവസമാണ് നീട്ടിനൽകിയത്. ഇനിയും നീട്ടിക്കൊടുക്കാനാവില്ലെന്നാണ് കരാറുകാരെ അറിയിച്ചത്. മഴയും മറ്റുകാരണങ്ങളുമാണ് കമ്പനി മാലിന്യനീക്കം നീളാൻ കാരണമായി പറയുന്നത്. കഴിഞ്ഞ തവണ ഞെളിയൻപറമ്പിൽ തീപിടിത്തമുണ്ടായപ്പോഴും ഇക്കാര്യം കരാറുകാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ബയോമൈനിങ്, കാപ്പിങ് എന്നിവ ചെയ്യാൻ കോർപറേഷന് ഒമ്പതു കോടിയുടെ നേരിട്ടുള്ള കരാറാണ് കമ്പനിയുമായുള്ളത്. ഇതിൽ രണ്ടു കോടിയോളം മാത്രമേ കമ്പനിക്ക് നൽകിയിട്ടുള്ളൂ. മൈനിങ് പൂർത്തിയാവാത്തതിനാലാണ് കോർപറേഷൻ പണം കൈമാറാത്തത്. ബയോമൈനിങ് നടത്തിയപ്പോൾ അരിച്ചെടുത്ത പ്ലാസ്റ്റിക് കൂട്ടിയിട്ടതിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. അത് കെട്ടിവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.