ആധാര പകർപ്പുകൾ ഓൺലൈനിൽ; നടപടികൾ അവസാനഘട്ടത്തിൽ
text_fieldsകോഴിക്കോട്: ആധാര പകർപ്പുകൾ ഓൺലൈനിൽ ലഭ്യമാകുന്നതിനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. 2019 വരെയുള്ള എല്ലാ ആധാരങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക രൂപം തയാറാക്കുന്ന ജില്ലയിലെ പ്രവൃത്തി ഉടൻ പൂർത്തിയാകും.
മിക്ക രജിസ്ട്രേഷൻ ഓഫിസുകളിൽനിന്നും രജിസ്റ്റർ ബുക്കുകൾ സ്കാനിങ് സെന്ററിൽ എത്തിച്ച് സ്കാനിങ്ങിനുശേഷം തിരിച്ചുനൽകി. സംസ്ഥാനത്തെ രജിസ്ട്രേഷൻ വകുപ്പിന്റെ എല്ലാ ഓഫിസുകളിലും ഓൺലൈൻ പകർപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലുള്ളവർക്ക് നിലവിൽ ഓൺലൈൻ പകർപ്പുകൾ ലഭ്യമായിട്ടുണ്ട്. ഓൺലൈൻ വഴി ഫീസ് അടച്ച് സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകർപ്പുകൾ തയാറാക്കും. ഈ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. രജിസ്ട്രാറുടെ മുന്നിൽ ഹാജരാക്കേണ്ടതില്ലാത്ത ആധാരങ്ങൾ പൂർണമായും ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള സാധ്യതകളും വകുപ്പ് പരിശോധിക്കുന്നുണ്ട്. സബ് രജിസ്ട്രാർ ഓഫിസുകളിൽ ആധാരം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിന് ഉദ്യോഗസ്ഥരുടെ പേരിൽ അമിതമായി തുക ഇടനിലക്കാർ വാങ്ങുന്നതായ പരാതി നിലനിൽക്കുന്നതിനാൽ ഇടപാടുകൾ പൂർണമായും ഓൺലൈനിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
വിജിലൻസ് വിഭാഗത്തിന് ഇതു സംബന്ധിച്ച ഏറെ പരാതികളാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ ഫീസിനു പുറമെ ഉദ്യോഗസ്ഥർക്കുവേണ്ടിയെന്നപേരിൽ ആയിരങ്ങളാണ് ഇടനിലക്കാർ പിരിച്ചെടുക്കുന്നതെന്നാണ് വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.