ദീപക്കിന്റെ തിരോധാനം: കേസ് ക്രൈംബ്രാഞ്ചിന്
text_fieldsമേപ്പയ്യൂർ: മേപ്പയൂർ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം മാതാവിന്റെ ഹേബിയസ് കോർപസ് ഹരജിയെ തുടർന്ന് റൂറൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ജൂലൈ 17ന് തിക്കോടി കോയിക്കൽ കടപ്പുറത്തുനിന്ന് ലഭിച്ച മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് അഞ്ചിന് ഡി.എൻ.എ പരിശോധനയിലൂടെ അത് ദീപക്കിന്റെ മൃതദേഹമല്ലെന്നും സ്വർണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേതാണെന്നും കണ്ടെത്തി. തുടർന്ന് ദീപക്കിന്റെ തിരോധാനം മേപ്പയ്യൂർ പൊലീസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങി. എന്നാൽ, ഈ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ മാതാവ് ശ്രീലത ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തത്. ഡി.ജി.പി, എ.ഡി.ജി.പി, എസ്.പി, മേപ്പയൂർ എസ്.എച്ച്.ഒ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹരജി. തുടർന്ന് ഈ കേസ് അന്വേഷണത്തിനായി ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസന്റെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ഡി.ഐ.ജി ചുമതലപ്പെടുത്തി. സംഘത്തിൽ ഗ്രേഡ് എസ്.ഐമാരായ വി.പി. രവി, കെ.പി. രാജീവൻ, പി.പി. മോഹനകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ കെ.പി. സുരേഷ്ബാബു, ജി.എൽ. സന്തോഷ്, ഷാരേഷ്, കെ. ഷീബ എന്നിവരാണുള്ളത്. ഈ വർഷം ജൂൺ ഏഴിന് മേപ്പയൂരിലെ വീട്ടിൽനിന്ന് വിദേശത്തേക്ക് പോകാനുള്ള രേഖകൾ ശരിയാക്കാൻ എറണാകുളത്തേക്ക് പോയശേഷം ദീപക് തിരിച്ചുവന്നില്ല. ദീപക് വീട്ടിൽനിന്ന് ഇറങ്ങിയ ദിവസം എറണാകുളം, തലശ്ശേരി, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്തതായി മനസ്സിലായിട്ടുണ്ട്.
പിന്നീട് ഒരുദിവസം രാത്രി ഒമ്പതിന് കോഴിക്കോട് മാവൂർ റോഡിൽ ഉള്ളതായി ടവർ ലൊക്കേഷൻ വഴി മനസ്സിലാക്കാൻ കഴിഞ്ഞതായും പിന്നീട് ഫോൺ സ്വിച്ഓഫ് ചെയ്തതായും ഡിവൈ.എസ്.പി പറഞ്ഞു. വിദേശത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ദീപക് സാമ്പത്തിക കേസിൽ ജയിലിലാവുകയും പിന്നീട് കയറ്റി വിടുകയുമായിരുന്നു. ദീപക്കിന് 180 സെ.മീ. ഉയരമുണ്ട്. നല്ല തടിയും ഇരുനിറവുമാണ്. വീട്ടിൽനിന്ന് പോകുമ്പോൾ നീല കളർ ജീൻസും നീലക്കള്ളി ഷർട്ടുമാണ് ധരിച്ചത്. ഇയാളെ കണ്ടെത്തുന്നവർ 9497990120 നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.