കോഴിക്കോട് കോർപറേഷൻ: ലീഗ് അണികൾ പരാതിയുമായി പാണക്കാട്ടേക്ക്
text_fieldsകോഴിക്കോട്: മുസ്ലിംലീഗിന് വോട്ട് ചോർച്ചയും സീറ്റ് നഷ്ടവും സംഭവിച്ച കോഴിക്കോട് കോർപറേഷൻ തെരെഞ്ഞടുപ്പിൽ നേതൃത്വത്തിനെതിരെ അണികൾക്കിടയിൽ കടുത്ത അമർഷം.
നേതൃത്വത്തിെൻറ വീഴ്ച നേരിട്ട് പാണക്കാട്ട് എത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. വീഴ്ച പരിഹരിക്കാൻ തയാറായില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ സൗത്ത് നിയോജകമണ്ഡലം ലീഗിന് നഷ്ടപ്പെടുെമന്നും സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് അണികളുടെ നീക്കം.
2011ലും 2016ലും എം.കെ. മുനീർ ആണ് സൗത്ത് നിയോജകമണ്ഡലത്തിൽനിന്ന് ജയിച്ചത്. ജില്ല, മണ്ഡലം കമ്മിറ്റികളുടെ അനാസ്ഥയും വീഴ്ചയുമാണ് നഷ്ടത്തിന് കാരണം എന്നാണ് പരാതി. മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലം തലത്തിൽ വലിയതോതിൽ വോട്ട് കുറഞ്ഞു എന്നാണ് വിലയിരുത്തൽ.
മുസ്ലിം ലീഗിെൻറ ഉറച്ച വാർഡുകളായ കുറ്റിച്ചിറയിലും മുഖദാറിലും മാത്രം രണ്ടായിരത്തിൽപരം വോട്ട് ലീഗിന് ഇത്തവണ കുറഞ്ഞു. ആയിരത്തിൽപരം വോട്ടിന് കഴിഞ്ഞ തവണ ജയിച്ച ഈ വാർഡുകളിൽ ഒന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. മുഖദാർ വാർഡ് 452 വോട്ടിനാണ് ലീഗ് സ്ഥാനാർഥി തോറ്റത്. 2015 ൽ 936 ഉം 2010ൽ 1286ഉം ആയിരുന്നു മുഖദാറിലെ ലീഗ് സ്ഥാനാർഥികളുടെ ലീഡ്.
കുറ്റിച്ചിറ വാർഡിൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ ഇത്തവണ 90 വോട്ടിെൻറ ഭൂരിപക്ഷത്തിന് കഷ്ടിച്ചു രക്ഷപ്പെട്ട അവസ്ഥയാണുണ്ടായത്. 2015ൽ 1007ഉം 2010ൽ 1638ഉം ആയിരുന്നു കുറ്റിച്ചിറയിൽ ലീഗ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം. മുൻകാലങ്ങളിൽ ലീഗിെൻറ കുത്തകയായിരുന്ന കപ്പക്കൽ, പയ്യാനക്കൽ വാർഡ് ഇത്തവണയും പിടിച്ചെടുക്കാനായില്ല. പുതിയങ്ങാടി വാർഡിൽ ലീഗ് ബി.ജെ.പിക്കും പിറകിലായി.
2010ൽ ലീഗ് 237 വോട്ടിന് ജയിച്ച വാർഡാണിത്. എൽ.ഡി.എഫ് പിടിച്ചെടുത്ത ഈ വാർഡിൽ ഇത്തവണ ബി.ജെ.പിയേക്കാൾ 237 വോട്ടിന് പിന്നിലായി ലീഗ് സ്ഥാനാർഥി. പാർട്ടിയുടെ മണ്ഡലം പ്രസിഡൻറിെൻറ വാർഡിലാണിത് സംഭവിച്ചത്. ജില്ലാ ഭാരവാഹിയുടെ വാർഡായ മാത്തോട്ടത്തും ലീഗ് ബി.ജെ.പിക്ക് പിന്നിലായി. 11ാം വാർഡായ പൂളക്കടവിൽ ലീഗ് സ്ഥാനാർഥി തോറ്റത് 1083 വോട്ടിന്. മൂഴിക്കലിൽ ലീഗ് വിമതൻ നേടിയത് 504 വോട്ട്.
എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് അണികൾ ഇവിടങ്ങളിലെല്ലാം പ്രവർത്തിച്ചതെങ്കിലും മണ്ഡലം ജില്ല കമ്മിറ്റികൾ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയാണ് പ്രവർത്തകർക്ക്. കോർപറേഷനിൽ 22 വാർഡുകളിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് ഗൗരവത്തിൽ കാണണമെന്നാണ് ലീഗ് അണികൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നത്.
ലീഗ് കൗൺസിലർമാരിൽ എട്ടിൽ ഏഴും വനിതകൾ
കോഴിക്കോട്: കോർപറേഷനിൽ ഇത്തവണ മുസ്ലിം ലീഗിെൻറ എട്ട് കൗൺസിലർമാരിൽ ഏഴും വനിതകൾ.
കവിത അരുൺ, സാഹിദ സുലൈമാൻ, അയിഷ പാണ്ടികശാല, കെ. നിർമല, അജീബ ഷമീൽ, കെ. റംലത്ത്, സൗഫിയ അനീഷ് എന്നിവരാണ് വനിത കൗൺസിലർമാർ.
കുറ്റിച്ചിറയിൽനിന്ന് ജയിച്ച കെ. മൊയ്തീൻകോയയാണ് മുസ്ലിംലീഗിെൻറ ഏക പുരുഷ കൗൺസിലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.