തോൽവി, വോട്ടുചോർച്ച: കോൺഗ്രസിലും ബി.ജെ.പിയിലും നടപടി വരും
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിലെ തോൽവിയും വോട്ടുചോർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടപടിക്കൊരുങ്ങുന്നു. ഇരു പാർട്ടികളും വിഷയത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് കാര്യങ്ങൾ പഠിക്കുകയാണ്. തുടർച്ചയായി നാലാംതവണയും കോൺഗ്രസിന് ജില്ലയിൽ നിന്ന് ഒറ്റ എം.എൽ.എയെപോലും നിയമസഭയിലെത്തിക്കാൻ കഴിയാത്തത് നേതൃത്വത്തിൻെറ കഴിവുകേടായാണ് വിലയിരുത്തുന്നത്.
തന്നെ തോൽപിക്കാൻ പ്രാദേശിക നേതാക്കളടക്കം പ്രവർത്തിച്ചതായി ബാലുശ്ശേരിയിലെ സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും, പാർട്ടി ആവശ്യപ്പെട്ട പ്രകാരം കുന്ദമംഗലത്ത് മത്സരിച്ചതോടെ ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് ദിനേശ് പെരുമണ്ണയും ഇതിനകം ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിലെ ചിലർക്കെതിരെ ഉടൻ നടപടിയുണ്ടാവുമെന്നാണ് വിവരം. മാത്രമല്ല, സംസ്ഥാന ധാരണയുടെ ഭാഗമായാണെങ്കിലും ഡി.സി.സി നേതൃത്വം മാറിയാലേ ഭാവിയിലെങ്കിലും വിജയിക്കാനാവൂ എന്ന് പ്രാദേശിക നേതാക്കളിൽ പലരും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ബി.ജെ.പിക്ക് 'എ ക്ലാസ്' മണ്ഡലങ്ങളിലടക്കം 13ൽ ഒമ്പതിടത്ത് മുമ്പത്തേക്കാൾ വോട്ട് കുറഞ്ഞതാണ് നടപടിക്ക് കളമൊരുക്കുന്നത്. ദേശീയ നേതാക്കളെ എത്തിച്ച് പണക്കൊഴുപ്പോെട പ്രചാരണം നടത്തിയിട്ടും വോട്ടുകുറഞ്ഞത് ജില്ല നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ചില നേതാക്കൾ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് പോയില്ലെന്നതും ഗ്രൂപ് പോരും ചർച്ചയായതോടെ പരസ്യ പ്രതികരണം വിലക്കി എല്ലാം പർട്ടി പരിശോധിച്ചുവരുകയാണ്. നേതൃത്വത്തെയടക്കം മാറ്റണമെന്ന പൊതുധാരണയാണ് പാർട്ടിയിലുള്ളത്.
ബി.ജെ.പിക്ക് വലിയ ശക്തിയുള്ള കുന്ദമംഗലത്ത് ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവന് 5,030ഉം ബേപ്പൂരിൽ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബുവിന് 1691 വോട്ടുമാണ് കുറഞ്ഞത്. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോർത്തിലാണെങ്കിൽ മുൻ വർഷത്തേക്കാൾ കേവലം1092 വോട്ട് മാത്രമേ കൂടിയുള്ളൂ. ഇക്കാര്യത്തിലെല്ലാം വീഴ്ച പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിെര നടപടി വേണമെന്നാണ് ജില്ല സമിതിയിലടക്കം വിമർശനമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.