നൂറോളം മോഷണക്കേസുകളിലെ പ്രതികൾ; ഗുരുവും ശിഷ്യനും ഒടുവിൽ പിടിയിൽ
text_fieldsചാവക്കാട്: തിരുവത്രയിലെ പ്രവാസിയുടെ വീട്ടിലേത് ഉൾപ്പെടെ നൂറോളം കവർച്ചക്കേസുകളിൽ പ്രതിയായ രണ്ടുപേർ അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി പനക്കൽ വീട്ടിൽ ചന്ദ്രൻ (63), കൂട്ടാളി കോഴിക്കോട് താമരശ്ശേരി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസാർ (29) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യെൻറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേർന്ന് തമിഴ്നാട് സത്യമംഗലം കാട്ടിലെ ഒളിത്താവളത്തിൽനിന്നാണ് ഇവരെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ നവംബർ മൂന്നിന് തിരുവത്ര പുതിയറയിലെ മുഹമ്മദ് അഷറഫിെൻറ പൂട്ടിക്കിടന്ന വീടിെൻറ പൂട്ടുപൊളിച്ച് അലമാരയിൽ സൂക്ഷിച്ച 37 പവെൻറ സ്വർണാഭരണങ്ങൾ കവർന്ന കേസിെൻറ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഈ കേസിൽ വാടാനപ്പള്ളി സ്വദേശി സുഹൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ് ചന്ദ്രൻ, നിസാർ എന്നിവരുടെ പങ്ക് വ്യക്തമായത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ കഴിയുകയായിരുന്നു പ്രതികൾ. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
ആൾതാമസമില്ലാതെ വീടുകളിൽ കടന്ന് അലമാരയുടെയും മറ്റു ലോക്കറുകളുടെയും പൂട്ട് തകർത്ത് സ്വർണാഭരണങ്ങളും പണവും കവർന്ന നൂറോളം കേസുകളിലെ പ്രതികളാണ് ഇരുവരും. ഇവരെ അറസ്റ്റ് ചെയ്തതോടെ നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞു.
പുതിയറയിൽനിന്ന് 37 പവെൻറ സ്വർണാഭരണങ്ങൾ കവർന്നശേഷം രക്ഷപ്പെടാൻ മണത്തലയിൽ ഷിറാസ് എന്നയാളുടെ വീട്ടിലെ ബൈക്ക് മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 11ന് രാത്രി വയനാട് ജില്ലയിലെ തലപ്പുഴയിലെ 44ാം മൈൽ നസ്റത് ഇസ്ലാം ജമാഅത്ത് മഖാമിെൻറ പൂട്ടുപൊളിച്ച് ഭണ്ഡാരത്തിൽനിന്ന് പണം കവർന്നു.
അന്നുതന്നെ രാത്രി തലപ്പുഴ പാറത്തോട്ടം സെൻറ് മേരീസ് കത്തോലിക്ക പള്ളിയുടെ അടുക്കളവാതിൽ പൊളിച്ച് നേർച്ചപ്പെട്ടിയിൽനിന്ന് പണം കവർന്നതായും പ്രതികൾ സമ്മതിച്ചു. കോഴിക്കോട് മുക്കം മേഖലയിലെ മലഞ്ചരക്ക് സ്ഥാപനങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.