അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകുന്നു; സാറേ, എക്സ്റേ എന്ന് ശരിയാവും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലെ എക്സ്റേ പണിമുടക്കി ഒരാഴ്ച പിന്നിട്ടിട്ടും തുറന്നില്ല. ഇതുകാരണം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ വൈകുന്നതായും പരാതിയുണ്ട്. ഗുരുതര പരിക്കേറ്റ് ചികിത്സക്കെത്തുന്നവരെ 300 മീറ്റർ അകലെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രി ബ്ലോക്കിൽ എത്തിച്ചാണ് എക്സ്റേ എടുക്കുന്നത്.
ഇത് ചികിത്സ വൈകാൻ ഇടയാക്കുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്ര ദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തേ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽ നിന്ന് പരിശോധനക്കു വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർകൂടി നടന്ന് മെയിൻ കൗണ്ടറിൽ പണമടക്കണം.
ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും. ഒമ്പതുമാസം മുമ്പ് ഉദ്ഘാടനംചെയ്ത സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ എക്സ്റേ മെഷീൻ കേടാവുന്നത് നിത്യസംഭവമാണ്. എല്ലാ തവണയും എക്സ്റേ കേടാവുമ്പോൾ ഒരാഴ്ചയിലധികം കഴിഞ്ഞാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം കരാറെടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യംചെയ്യുന്ന ‘ഹൈക്ക്’ ആണ് അത്യാഹിത വിഭാഗത്തിൽ എക്സ്റേ മെഷീൻ സ്ഥാപിച്ചത്.
ഒരുദിവസം 400ലധികം എക്സ്റേ എടുക്കേണ്ടിവരുന്ന കാഷ്വാലിറ്റിയിലേക്ക് യോജിച്ചതല്ല ഇതെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിക്ക് കേരളത്തിൽ സർവിസ് വിദഗ്ധരില്ല. കമ്പനി നേരത്തേ കെ.എം.എസ്.സി.എൽ വഴി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വിതരണംചെയ്ത ഉപകരണങ്ങൾക്കൊന്നും കൃത്യമായ സർവിസ് ലഭിക്കുന്നില്ലെന്നതും മെഡിക്കൽ കോളജ് അധികൃതർ ഹൈക്കിനെ അറിയിച്ചിരുന്നു. എന്നാൽ, തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും യന്ത്രം നേരത്തേ തന്നെ വാങ്ങിയെന്നുമായിരുന്നു ഹൈക്കിന്റെ മറുപടി.
നിലവാരം കുറഞ്ഞ എക്സ്റേ മെഷീനാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ ഒരാളെ എക്സ്റേ എടുക്കാനായി കാഷ്വാലിറ്റിയിൽനിന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടാളെങ്കിലും വേണം. ഇത്തരത്തിൽ എക്സ്റേ എടുക്കാൻ വീൽചെയറിൽ പോവുന്നവർ തിരികെ എത്താൻ വൈകുന്നത് കാഷ്വാലിറ്റിയിൽ വീൽചെയർ ക്ഷാമത്തിനും ഇടയാക്കുന്നു. ആശുപത്രി അധികൃതർക്കും പൊല്ലാപ്പാവുകയാണ് ഈ എക്സ്റേ മെഷീൻ. രണ്ട് എക്സ്റേ യൂനിറ്റ് വേണ്ടിടത്ത് ഒന്നു മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നതും ദുരിതം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.