വായ്പക്ക് പലിശക്കെണി; കൂണുപോലെ പൊന്തുന്നു, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ
text_fieldsകോഴിക്കോട്: സ്ഥിരനിക്ഷേപത്തിന് വൻ പലിശ വാഗ്ദാനം ചെയ്തും വായ്പക്ക് പലിശക്കെണിയൊരുക്കിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂണുപോലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ മുളച്ചുപൊന്തുന്നു.
ബാങ്കുകൾപോലെ പ്രവർത്തിക്കാൻ മതിയായ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് പലതിന്റെയും പ്രവർത്തനമെന്നാണ് ആക്ഷേപം. വിവിധ കോണുകളിൽനിന്നുയർന്ന പരാതിയെത്തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ സിറ്റി പൊലീസ് മാത്രം 35 സ്ഥാപനങ്ങളിലാണ് അടുത്തിടെ പരിശോധന നടത്തിയത്. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയതോടെ മതിയായ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. മണി ലെൻഡേഴ്സ് ആക്ട് സെക്ഷൻ-17 പ്രകാരം ഒരുസ്ഥാപനത്തിനെതിരെ കുന്ദമംഗലം പൊലീസ് കേസുമെടുത്തു. വിവിധ തരത്തിലുള്ള തട്ടിപ്പ് നടക്കുന്നതിനാൽ വലിയ ലാഭവിഹിതവും പലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിച്ച് മാത്രമേ നിക്ഷേപം നടത്താവൂവെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വർണം, വാഹനങ്ങളുടെ ആർ.സി, ഭൂമിയുടെ ആധാരം തുടങ്ങിയവ ഈടുവാങ്ങിയാണ് ഒട്ടുമിക്ക സ്ഥാപനങ്ങളും വായ്പ നൽകുന്നത്. ചെറിയ പലിശനിരക്കിൽ ആദ്യം വായ്പ നൽകുകയും പിന്നീട് പെട്ടെന്ന് പലിശ നിരക്ക് ഉയർത്തുകയും ചെയ്യുന്നതാണ് പലിശക്കെണിയാവുന്നതും വായ്പയെടുത്തവർക്ക് കിടപ്പാടംവരെ നഷ്ടമാക്കുന്നതും.
മുന്നറിയിപ്പില്ലാതെ പലിശനിരക്ക് ഉയർത്തുന്നതോടെ സാധാരണക്കാർക്ക് പലിശപോലും മാസത്തിൽ അടക്കാനാവുന്നില്ല. ഇതോടെ സ്ഥാപനം പിഴ തുകയും ചേർത്ത് വായ്പതന്നെ ഉയർത്തും. ചുരുക്കത്തിൽ വായ്പ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാനുള്ള സാധ്യതയും ഇല്ലാതാവുകയും അടവ് മുടങ്ങുകയുമാണ്. സാങ്കേതിക നൂലാമാലകളില്ലാതെ പെട്ടെന്ന് വായ്പ ലഭ്യമാവുമെന്നതാണ് പലരെയും ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്.
ഒരുവർഷത്തേക്കനുവദിച്ച വായ്പയുടെ പലിശനിരക്ക് ഒറ്റയടിക്ക് ഇരട്ടിവരെയാക്കിയാണ് കൊള്ള. പ്ലാനുകൾ കമ്പനി പുതുക്കിയെന്നും ഇതിന് നിയമപരമായി അവകാശമുണ്ടെന്നും വായ്പ വാങ്ങുമ്പോൾ ഒപ്പിട്ടുനൽകിയ അപേക്ഷാഫോമുകളിൽ ഇക്കാര്യം പറയുന്നുണ്ടെന്നുമാണ് സ്ഥാപനങ്ങൾ ഇതിന് വിശദീകരണമായി പറയുന്നത്. സ്വർണപ്പണയ വായ്പയുടെ മറവിലാണ് ഈ വഞ്ചന ഏറെയും. ദേശസാത്കൃത ബാങ്കുകളിലേതിന് സമാനമായി കുറഞ്ഞ പലിശക്ക് സ്വർണപ്പണയ വായ്പ നൽകി നിശ്ചിത കാലാവധിക്കുള്ളിൽ പലിശ ഇരട്ടിയാക്കിയ കക്കോടിയിലെ സ്ഥാപനത്തിനെതിരെ നേരത്തേ പരാതി ഉയർന്നിരുന്നു. ഏഴുശതമാനം പലിശക്കെടുത്ത വായ്പക്ക് ഒറ്റയടിക്ക് 12 മുതൽ 18 ശതമാനംവരെ പലിശ വർധിപ്പിക്കുകയാണ് പല സ്ഥാപനവും.
നേരത്തേ മാവൂർ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനം പലിശക്കെണിയൊരുക്കി കക്കയം സ്വദേശിനിയായ സ്ത്രീയുടെ നാലുസെന്റ് പുരയിടം കൈക്കലാക്കാൻ ശ്രമിച്ചത് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നടക്കാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇല്ലാതായത്. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ കിടപ്പുരോഗിയുടെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെയും ജനരോഷം ശക്തമായിട്ടുണ്ട്. നാലുലക്ഷം വായ്പയെടുത്തിട്ട് അരലക്ഷം രൂപ സ്ഥാപനത്തിലെതന്നെ ജീവനക്കാരൻ തട്ടിയെന്നും നിശ്ചിത തുക തിരിച്ചടച്ചിട്ടും മനുഷ്യത്വരഹിത നിലപാടാണ് സ്ഥാപനം കാണിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അതിനിടെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് ബ്ലേഡ് സംഘങ്ങളും മുമ്പില്ലാത്തവിധം സജീവമാണ്. ബാങ്കുകളുടെ ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടുവാങ്ങിയാണ് ഇവർ നൂറിന് പത്ത് എന്ന കണക്കിൽവരെ വൻ പലിശക്ക് പതിനായിരം മുതൽ അരലക്ഷം രൂപ വരെ വായ്പ നൽകുന്നത്. ഇതിലും കൂടിയ തുകക്ക് മുദ്രപ്പത്രമടക്കം ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഇത്തരം സംഘങ്ങൾക്കെതിരെ ‘ഓപറേഷൻ കുബേര’ എന്നപേരിൽ വ്യാപകമായി അന്വേഷണം നടത്തി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാലത്ത് താമരശ്ശേരി, വടകര, ബാലുശ്ശേരി, ഫറോക്ക് എന്നിവിടങ്ങളിലെ ബ്ലേഡുകാരുടെ വീടുകളിൽനിന്ന് സാധാരണക്കാരായ നിരവധിപേരുടെ കിടപ്പാടത്തിന്റെ ആധാരവും നിരവധി ബ്ലാങ്ക് ചെക്കുകളുമാണ് പിടിച്ചത്. ഇത്തരം സംഘങ്ങൾ വീണ്ടും സജീവമായതോടെ ‘ഓപറേഷൻ കുബേര’ പുനരാരംഭിക്കാനും ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.