പൊളിച്ചിട്ടും പൊളിച്ചിട്ടും തീരാതെ കിഡ്സൺ കെട്ടിടം
text_fieldsകോഴിക്കോട്: പൊളിക്കാൻ തുടങ്ങി മാസങ്ങൾ പൂർത്തിയായെങ്കിലും പൊളി തീരാതെ മാനാഞ്ചിറ കിഡ്സൺ കോർണറിലെ പഴയ സത്രം കെട്ടിടം. പുതിയ പാർക്കിങ് പ്ലാസ പണിയാനുള്ള കരാർ ഒപ്പിടണമെങ്കിൽ കെട്ടിടംപൊളി കഴിയണം. ഇപ്പോഴും പാതി പൊളി പോലും തീർന്നിട്ടില്ല. കരാർ ഒപ്പുവെച്ചാൽ എതാനും മാസത്തിനകം തറക്കല്ലിടൽ നടക്കുമെന്ന് മാസങ്ങൾക്കുമുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും പൊളി വളരെ സാവധാനമാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം കരാറുകാർ കെട്ടിടം പൊളിക്കാൻ നടപടി തുടങ്ങിയെങ്കിലും ബിൽഡിങ്ങിലുള്ള കടക്കാരെ ഒഴിപ്പിക്കുന്നതിൽ വന്ന കാലതാമസം പൊളിക്ക് തടസ്സമായി. എന്നാൽ, മാർച്ചിൽ എല്ലാവരെയും ഒഴിപ്പിച്ച് കെട്ടിടം കാലിയായിട്ടും പൊളി തീർക്കാനാവാത്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്. തിരക്കുള്ള സ്ഥലമായതിനാൽ രാത്രിയാണ് കാര്യമായി പൊളിക്കൽ നടക്കുന്നതെന്ന് കരാറുകാർ പറയുന്നു.
പൊളിക്ക് വേണ്ടത്ര വേഗതയില്ലെന്ന് കൗൺസിലർ എസ്.കെ. അബൂബക്കറും പറഞ്ഞു. പൊളി നീളുന്നതിനനുസരിച്ച് നഗരത്തിലെ മുഖ്യ പ്രതിസന്ധിയായ പാർക്കിങ് പ്രശ്നം പരിഹരിക്കാനുള്ള പ്ലാസ നിർമാണ പദ്ധതിയും അനന്തമായി നീളുകയാണ്. കെട്ടിടത്തിന്റെ പിറകുവശത്തും മുകളിലുംനിന്നാണ് പൊളി പുരോഗമിക്കുന്നത്. മഴയും കാറ്റും കനക്കാനിടയുള്ളതിനാൽ പെട്ടെന്ന് പൊളിച്ചുനീക്കുന്നതാണ് സുരക്ഷിതമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.
ഏറ്റവുമൊടുവിൽ പൊളിക്കുന്ന കെട്ടിടത്തിൽനിന്ന് സിമന്റും മറ്റും അടർന്നുവീഴാതിരിക്കാൻ ചുറ്റും മറകെട്ടിയിട്ടുണ്ട്. മിഠായിത്തെരുവിലേക്ക് പ്രതീക്ഷയോടെ വരുന്നവർക്ക് അരോചകമാണീ കാഴ്ച. തെരുവിലെത്തുന്നവർ ഇരിക്കുന്ന പാതിഭാഗം മറച്ചുവെച്ചതിനാൽ അസൗകര്യവും കൂടി. ഓണത്തിരക്ക് അടുക്കുമ്പോൾ മിഠായിത്തെരുവിൽ സ്ഥലമില്ലാത്തത് ബുദ്ധിമുട്ട് വർധിക്കും. കച്ചവടക്കാർക്ക് നേരത്തേ 27 ലക്ഷത്തിന്റെ താൽക്കാലിക കെട്ടിടം പണിതുകൊടുക്കുമെന്ന് കോർപറേഷൻ വാഗ്ദാനമുണ്ടായിരുന്നു.
നേരത്തെ 32 ലക്ഷം ചെലവിട്ട് കടക്കാർതന്നെ പണിത കോണ്ക്രീറ്റ് കടമുറികളിൽ വൈക്കം മുഹമ്മദ് ബഷീർ റോഡിനോട് ചേർന്നുള്ളത് കോര്പറേഷന് പൊളിച്ചുമാറ്റുകയും ചെയ്തു. ഇതേച്ചൊല്ലിയുള്ള ആശയക്കുഴപ്പം പൊളി നീളാനുള്ള കാരണമാണ്. 320 കാറും 184 ബൈക്കും നിർത്താൻ കഴിയുന്ന പാർക്കിങ് പ്ലാസക്കാണ് പദ്ധതി.
കിഡ്സൺ കോർണറിൽ പഴയ സത്രം ബിൽഡിങ് പൊളിച്ച് 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടം പണിയാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.