ഡെങ്കി പകരും ജാഗ്രതൈ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
text_fieldsകോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഡെങ്കിപ്പനി വർധിക്കുന്നതായി ചൊവ്വാഴ്ച മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിറകെയാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. രാജാറാം ജാഗ്രത നിർദേശം നൽകിയത്. ജില്ലയിൽ ഈ മാസം 249 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്.
ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിലും ഡെങ്കി ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നിടത്ത് കൊതുകുകൾ പെരുകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ടെറസ്, പാത്തി, ഓവര്‍ഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക് ട്രേ, ഫ്ലവര്‍ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ഉപയോഗിക്കാത്ത ക്ലോസറ്റ്, സണ്‍ഷെയ്ഡ്, ഇതുകൂടാതെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടുകള്‍, ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബിന്നുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, വെള്ളം പിടിച്ചുവെക്കുന്ന പാത്രങ്ങള്‍ ഇവയിലൊക്കെ വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്നില്ലെന്ന് ഉറപ്പാക്കണം.
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്കരിക്കണം. വീട്ടുപരിസരങ്ങളിൽനിന്ന് പാഴ് ചെടികള്‍ വെട്ടിനശിപ്പിക്കുകയും പാള, ഓല തുടങ്ങിയവ നീക്കം ചെയ്യുകയും വേണം. ടാപ്പിങ്ങിനു ശേഷം റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമിഴ്ത്തിവെക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, തലവേദന, ഛർദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. നഗരത്തിൽ കപ്പക്കൽ, കുറ്റിച്ചിറ, മുഖദാർ, പയ്യാനക്കൽ, വലിയങ്ങാടി, പാളയം, ചെറുവണ്ണൂർ തുടങ്ങിയ മേഖലകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ കോർപറേഷൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊതുകു നശീകരണത്തിന് കുറ്റിച്ചിറ, വെള്ളിമാട്കുന്ന്, ചാലപ്പുറം എന്നിവിടങ്ങളിൽ ഫോഗിങ് നടത്തിയതായി കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. ലാർവകൾ നശിപ്പിക്കുന്നതിന് മരുന്ന് തളിക്കലും നടക്കുന്നുണ്ട്.
കൊതുകു നശീകരണത്തിനായി പുതിയ ഫോഗിങ് യന്ത്രത്തിനും ഓർഡർ നൽകിക്കഴിഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടുകളിലും പാളയം, വലിയങ്ങാടി അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിലും ഫോഗിങ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ എസ്. ജയശ്രീ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.