കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപനം
text_fieldsകോഴിക്കോട്: കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമിടയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ജൂൺ 17നാണ് ആദ്യത്തെ കേസ് കണ്ടെത്തിയത്. പിന്നീട് ജൂലൈയിലും ആഗസ്റ്റിലുമായി ആകെ 14 ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ മൂന്ന് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, മറ്റു ജീവനക്കാർ എന്നിവർ ഉൾപ്പെടും.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ആശുപത്രിയിൽ പരിശോധന നടത്തി പ്രതിരോധ നടപടി സ്വീകരിച്ചെങ്കിലും രോഗ വ്യാപനം തുടർന്നു. ഈ സാഹചര്യത്തിൽ വെക്ടർ കൺട്രോൾ യൂനിറ്റ് ആശുപത്രിയിലും സമീപപ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം വീണ്ടും വിശദമായ പരിശോധന നടത്തി.
ബുധനാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാളയം ഡിവിഷനിലെ വാർഡ് കൗൺസിലറുമായ പി.കെ. നാസറിന്റെ നേതൃത്വത്തിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിലെ സീനിയർ ബയോളജിസ്റ്റ് എസ്. സബിത, അസി. എന്റമോളജിസ്റ്റ് ആർ. ഷാജി, ഹെൽത്ത് സൂപ്പർവൈസർ കെ. ബാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.എൻ. സജിത്കുമാർ, കെ. അബ്ദുൽ സലാം, കോർപറേഷൻ പാളയം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. സുജാത, ആർ.എം.ഒ ഡോ. ബിന്ദു, ക്വാളിറ്റി ഓഫിസർ ഡോ. അഫ്സൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രമോദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.