നിയന്ത്രണത്തിലൊതുങ്ങാതെ ഡെങ്കിപ്പനി
text_fieldsകോഴിക്കോട്: ജില്ലയിൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാകാത്തത് ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
എന്നാൽ, ചികിത്സ തേടുന്നവരുടെ കൃത്യമായ കണക്ക് പുറത്തുവിടാൻ ആരോഗ്യ വകുപ്പ് തയാറാവുന്നില്ല. റിപ്പോട്ട് ചെയ്യപ്പെടുന്നതിന്റെ നാലിലൊന്ന് കണക്കുകൾ പോലും ആരോഗ്യ വകുപ്പ് വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ജില്ല ആരോഗ്യ വകുപ്പ് ഓഫിസിൽ അന്വേഷിച്ചാൽ വെബ്സൈറ്റിലുണ്ട് എന്നാവും മറുപടി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡങ്കിപ്പനി വ്യാപനം കൂടുതലാണ്.
ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്ക് പ്രകാരം ജില്ലയിൽ 16ന് 25 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. 15ന് 23 പേരും 14 ന് 14 പേരുമാണ് ചികിത്സതേടിയത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം സർക്കാർ ആശുപത്രികളിൽ വരുന്ന പകർച്ച വ്യാധികളുടെ കണക്കാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സതേടുന്നവർ ഈ കണക്കുകളിൽ പെടില്ല. ഇതിലും കൂടുതൽ പേർ ചികിത്സതേടിയതായി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഇതിനു പുറമെ, കാരശ്ശേരിയിൽ മലേറിയയും ഇരിവല്ലൂരിൽ ഷിഗല്ലയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി വ്യാപനവും തുടരുകയാണ്.
മാലിന്യസംസ്കരണവും കൊതുകു നിർമാർജനവും പാളുന്നതാണ് രോഗം വ്യാപിക്കാൻ ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ ശരീരവേദന, (പ്രധാനമായും സന്ധിവേദന), തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ. ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ഡോക്ടറെ കാണണം. സ്വയം ചികിത്സ പാടില്ല. നന്നായി വെള്ളം കുടിക്കണം, വിശ്രമം അത്യാവശ്യമാണ്.
ജാഗ്രത വേണം
കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നത്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുക. ശുദ്ധജലത്തിൽ മുട്ടയിട്ടാണ് ഇവ വളരുന്നത്. അതിനാൽ ഫ്രിഡ്ജിനു പിറകിലുള്ള ട്രേ, ചെടിച്ചട്ടികൾ, ചിരട്ടകൾ, താർപ്പായ, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് കൊതുകുകൾ വളരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വീട്ടിലും പരിസരത്തും ശുദ്ധജലം ഉൾപ്പെടെ കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വടിനകത്ത് വളർത്തുന്ന ചെടിച്ചട്ടികളിലും കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജല സംഭരണികൾ നന്നായി അടയ്ക്കണം. കിണർ കൊതുകുവല ഉപയോഗിച്ച് മൂടുന്നതും നല്ലതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഡ്രൈഡേ ആചരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.