മഴത്തണുപ്പിനൊപ്പം പനിച്ചൂടും
text_fieldsകോഴിക്കോട്: തിമിർത്തുപെയ്യുന്ന മഴക്കൊപ്പം ജനം പനിച്ചുവിറക്കുന്നു. ദിനംപ്രതി സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം 1500ൽ എത്തി. ഈ മാസം 18ന് 1468 പേരാണ് സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടി എത്തിയതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. 17ന് 1189 പേരും ചികിത്സ തേടി.
പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയും അനിയന്ത്രിതമായി പടർന്നുപിടിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. മുൻവർഷങ്ങളിൽ വേനൽക്കാലത്തും കാലവർഷാരംഭത്തിലും വ്യാപകമാവുകയും മഴ കനക്കുന്നതോടെ പിന്മാറുകയും ചെയ്യുന്ന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിക്കുന്നത് തടയാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. എലിപ്പനിയും മുൻവർഷങ്ങളേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിവാഹ സൽക്കാരങ്ങളിലും മറ്റും നൽകുന്ന തണുത്ത പാനീയങ്ങളിൽനിന്നാണ് ജില്ലയിൽ ഇത്തവണ കൂടുതലും മഞ്ഞപ്പിത്തം പടർന്നുപിടിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പാനീയങ്ങൾക്ക് ഉപയോഗിക്കുന്ന ഐസിൽ നിന്നാവാം രോഗം പകരുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഡെങ്കിപ്പനി ഗ്രാമങ്ങളെക്കാൾ നഗരത്തിലാണ് കുടുതൽ കാണുന്നത്. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്താത്തതാണ് ഇതിന് പ്രധാന കാരണം.
10 ദിവസത്തിനിടെ ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടു പേർ മരിച്ചു. 395 പേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടി. 93 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 23 പേർ എലിപ്പനിക്കും ചികിത്സ തേടി. ഒരു വെസ്റ്റ്നെയ്ൽ സംശയ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. സാധാരണ തൊഴിലാളികളിലായിരുന്നു എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ മറ്റുള്ളവരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നഗരത്തിലൂടെ ഒഴുകുന്ന അഴുക്കുവെള്ളം ഇത്തരത്തിൽ രോഗം പടർത്താനിടയാക്കുന്നുണ്ടെന്നാണ് നിഗമനം.
മഴ ശക്തമായിട്ടും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനം കുറഞ്ഞിട്ടില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു. പനി വ്യാപകമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയടക്കം സർക്കാർ ആശുപത്രികളിൽ കിടക്കകൾ കിട്ടാതെ രോഗികൾ വരാന്തയിലാണ് കിടക്കുന്നത്. സ്വകാര്യ ആശുപത്രികളും വാർഡുകളും റൂമുകളും നിറഞ്ഞുകവിഞ്ഞു. പല സ്വകാര്യ ആശുപത്രികളും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പനി ക്ലിനിക്കുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.