വിദൂരവിദ്യാഭ്യാസം നിഷേധിക്കൽ: കാലിക്കറ്റിന് നഷ്ടം 20 കോടി
text_fieldsകോഴിക്കോട്: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല 'വൻ വിജയ'മാക്കാൻ മറ്റു സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കാനൊരുങ്ങുമ്പോൾ കാലിക്കറ്റിന് നഷ്ടമാകുന്നത് പ്രധാന വരുമാനം. ഓരോ വർഷവും 75000ത്തോളം വിദ്യാർഥികളാണ് വിദൂര വിദ്യാഭ്യാസ കോഴ്സിൽ കാലിക്കറ്റിൽ ചേരുന്നത്.
20 കോടി രൂപയോളം ഫീസായും പഠനസാമഗ്രികളുടെ വിലയായും കാലിക്കറ്റിന് കിട്ടുന്നുണ്ട്. ഇവയെല്ലാം നിഷേധിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാറിന്‍റേത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടക്കുന്നത് കാലിക്കറ്റിലാണ്. നൂറുക്കണക്കിന് പാരലൽ കോളജുകളുടെ പ്രവർത്തനത്തിനും സർക്കാറിന്‍റെ തലതിരിഞ്ഞ നയം തിരിച്ചടിയാണ്. ഡിഗ്രി, പി.ജി കോഴ്സുകളുടെ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും പൂർണമായും ഓപൺ സർവകലാശാലക്ക് കീഴിലാക്കുന്ന 2020ലെ ഓർഡിനൻസ് യു.ജി.സിയുടെ പുതിയ വിദൂരവിദ്യാഭ്യാസ ചട്ടം മറച്ചുവെച്ചാണ് സർക്കാർ ഇറക്കിയത്.
യു.ജി.സിയുടെ പുതിയ ചട്ടപ്രകാരം നാക് (നാഷനൽ അസസ്മെൻറ് അക്രഡിറ്റേഷൻ കൗൺസിൽ) എ ഗ്രേഡായ 3.01ന് മുകളിൽ സ്കോറുള്ളവർക്ക് ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് എന്നപേരിലുളള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താം. എൻ.െഎ.ആർ.എഫ് പട്ടികയിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്) ആദ്യ നൂറ് റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താം. ഇതനുസരിച്ച് കാലിക്കറ്റ്, കേരള, എം.ജി, കുസാറ്റ് തുടങ്ങിയ സർവകലാശാലകൾക്കെല്ലാം വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താമായിരുന്നു. പുതിയ ചട്ടം വിവിധ സർവകലാശാലകൾ അന്നത്തെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചിരുന്നില്ല.
'മലബാറിലെ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തും'
കോഴിക്കോട്: ഓപൺ സർവകലാശാല ഒഴികെ, സംസ്ഥാനത്തെ മറ്റു സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തരുതെന്ന നിർദേശത്തിലെ ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാറിനെ അറിയിക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല. ബുധനാഴ്ച സിൻഡിക്കേറ്റിന്‍റെ വിദൂര വിദ്യാഭ്യാസ സ്ഥിരം സമിതി യോഗം ചേരും. പിന്നീട് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമെന്ന് വിദൂര വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ യുജിൻ മൊറേലി പറഞ്ഞു.
കാലിക്കറ്റിലെയടക്കം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കുന്നത് സ്വകാര്യ സർവകലാശാലകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്. സർക്കാറിന്‍റെ നിർദേശം റദ്ദാക്കാൻ നടപടി വേണമെന്ന് വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ഡോ. പി. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.