തെളിവുകൾ അവശേഷിക്കാത്ത കേസുകളിൽ പ്രതികളെക്കുറിച്ച് വിവരമേകി രേഖാചിത്രം
text_fieldsകോഴിക്കോട്: ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ രേഖാചിത്രം വരച്ചത് വിവാദമായ ഒമ്പതു കേസുകൾക്ക് രേഖാചിത്രം വരച്ച ഉദ്യോഗസ്ഥൻ. സംഭവം നടന്നതിന്റെ പിറ്റേദിവസം എലത്തൂർ പൊലീസ് സ്റ്റേഷനിലിരുന്ന് മണിക്കൂറുകൾ മാത്രമെടുത്താണ് പോർട്രേറ്റ് വിദഗ്ധനായ സബ് ഇൻസ്പെക്ടർ ചിത്രം വരച്ചത്.
ഷാറൂഖ് സെയ്ഫിയുടെ രേഖാചിത്രത്തിന് യഥാർഥ രൂപവുമായി പൊരുത്തക്കുറവുണ്ടെന്ന വിമർശനം ഉയരുമ്പോഴും തെളിവുകൾ അവശേഷിക്കാത്ത സംസ്ഥാനത്തെ പിടിച്ചുലച്ച ഒമ്പതു കേസുകളിലെ പ്രതികളെ പിടികൂടാൻ സഹായമായ രേഖാചിത്രം ശാസ്ത്രീയമായി നിർമിച്ച ആളിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.
ട്രെയിനിലെ പീഡനം, കണ്ണൂരിലെ കൊലപാതകം, വീട്ടമ്മയെ കെട്ടിയിട്ട് ആഭരണമോഷണം എന്നിവയുൾപ്പെടെയുള്ള കേസുകളിൽ പ്രതികളിലെത്താനുള്ള രൂപസാദൃശ്യം ഈ ഉദ്യോഗസ്ഥനാണ് പകർത്തിനൽകിയത്.
ക്രിമിനോളജിയിൽ ബിരുദാനന്തരബിരുദമെടുത്ത ഉദ്യോഗസ്ഥന്റെ രേഖാചിത്രം ഏറെ പ്രയോജനകരമാകുന്നത് പ്രതികളുടെ വിഡിയോയോ ഫോട്ടോയോ ഇല്ലാതിരിക്കുന്ന വേളയിലാണ്. കമ്പ്യൂട്ടറുകളുടെ സഹായത്തോടെ സദൃശരൂപങ്ങൾ കാണിച്ചുനൽകിയാണ് ചിത്രം വരക്കുന്നത്. 15ഓളം ചിത്രം ഫിൽറ്റർ ചെയ്താണ് ഷാറൂഖ് സെയ്ഫിയുടെ അവസാന രേഖാചിത്രം നിർമിച്ചത്.
ഡി1 ബോഗിയിൽ ഉണ്ടായിരുന്ന യാത്രക്കാരനായ റാസിഖ് പറഞ്ഞുനൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ ചിത്രം വരച്ചത്. ചിത്രം പുറത്തുവിട്ടതിനെതുടർന്ന് ഏറെ ഫോൺവിളികൾ വിവിധ സ്റ്റേഷനുകളിൽ എത്തിയത് കേസന്വേഷണത്തിന് ഗുണകരമായെന്നാണ് പൊലീസ് വിലയിരുത്തൽ.
കൃത്യമായ വിവരം നൽകിയാൽ ഒരു മാറ്റവുമില്ലാത്ത ചിത്രം വരക്കാൻ കഴിയുമെന്നാണ് പേര് വെളിപ്പെടുത്തുന്നതിൽ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ പറയുന്നത്. വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയിട്ടുണ്ട് ഈ ഉദ്യോഗസ്ഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.