വികസനം വരണം; പക്ഷേ ഞങ്ങളെങ്ങനെ ജീവിക്കും?
text_fieldsപന്തീരാങ്കാവ്: നാൽപ്പത് വർഷത്തോളമായി ഈ കടമുറികളാണ് ഞങ്ങളുടെ ഉപജീവനം, വികസനത്തിന് ഞങ്ങൾ എതിരല്ല. പക്ഷേ, മറ്റൊരു വഴിയും മുന്നിലില്ലാത്ത ഞങ്ങൾ ജീവിക്കാൻ തെരുവിലിറങ്ങണോ...?. പാലക്കാട്-കോഴിക്കോട് ഹരിത പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന പെരുമണ്ണയിലെ 60 ഓളം വ്യാപാരികളുടെ വേദനയാണ് ഈ ചോദ്യം.
മൂന്ന് ജില്ലകളിലൂടെ കടന്ന;പോവുന്ന പാതയിൽ ഏറ്റവും കൂടുതൽ കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുന്നത് പെരുമണ്ണ അങ്ങാടിയിലാണ്. പഴയ അങ്ങാടിയിലെ വലിയൊരു ഭാഗവും ബൈപ്പാസ് റോഡിലെ പുതിയ കെട്ടിടങ്ങളും പൊളിച്ച് മാറ്റിയാണ് പാത കടന്നുപോകുന്നത്. 60 ഓളം കച്ചവട സ്ഥാപനങ്ങളാണ് വിസ്മൃതമാവുന്നത്. വർഷങ്ങളായി കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന ഇവരിൽ ഒന്നോ, രണ്ടോ പേർക്കൊഴികെ മറ്റുള്ളവർക്കൊന്നും പകരം സംവിധാനമായിട്ടില്ല.
നഷ്ടപരിഹാരം പേരിന്; പകരം കടകളുമില്ല
കെട്ടിട ഉടമകൾക്കും വീടുകൾക്കും സ്ഥലമുടമകൾക്കും സർക്കാറിന്റെ നഷ്ടപരിഹാരം ലഭിക്കുമ്പോൾ കച്ചവടക്കാർക്ക് ലഭിക്കുന്നത് തുച്ഛമായ തുക മാത്രം. പഴയ കെട്ടിടങ്ങൾക്ക് പോലും മോശമല്ലാത്ത നഷ്ടപരിഹാരമുണ്ട്. പക്ഷേ കച്ചവടക്കാർക്ക് 75,000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി ഇന്റീരിയർ ചെയ്ത കച്ചവടക്കാർക്കും സാധാരണ കച്ചവടക്കാർക്കുമെല്ലാം ഒരേ തുകയാണ് ലഭിക്കുന്നത്. പെരുമണ്ണ അങ്ങാടിയുടെ പകുതിയിലധികം കവർന്നെടുക്കുന്നതിനാൽ ഈ കച്ചവടക്കാർക്ക് പകരം കടമുറിയിലേക്ക് മാറാൻ കെട്ടിടങ്ങളിലൊന്നും സൗകര്യമില്ല. ഉള്ളവ തന്നെ ലക്ഷങ്ങൾ മുൻകൂർ തുകയും വലിയ വാടകയും നൽകിയാലേ ലഭ്യമാവൂ.
വേണം പ്രത്യേക പാക്കേജ്
ജ്വല്ലറികൾ, കോഫി ഷോപ്പുകൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി നിരവധി പുതിയ സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കിയാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്. മിക്കവർക്കും ബാങ്കുകളുടേയും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ലോണുകളെടുത്താണ് കടകൾ തുടങ്ങിയത്.
ഇവരുടെയൊന്നും നഷ്ടം പരിഗണിക്കപ്പെട്ടിട്ടില്ല. വർഷങ്ങളോളം ഉപജീവനം നടത്തിയ കടകളുപേക്ഷിച്ച് തുഛമായ പണവും വാങ്ങി തെരുവിലേക്കിറങ്ങേണ്ടിവരുന്ന പ്രായമായ കച്ചവടക്കാരുണ്ട്. ഇവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
മൂന്ന് ജില്ലകളിലേയും ഇരകളുടെ സംയുക്ത കമ്മറ്റി നഷ്ടപരിഹാര ശ്രമങ്ങളുമായി മുന്നിലുണ്ട്. പക്ഷേ നിലവിലെ ദേശീയപാത നഷ്ടപരിഹാര പാക്കേജുകളിൽ കച്ചവടക്കാർക്ക് ലഭിക്കുന്നത് 75,000 രൂപ മാത്രമാണ്. വീടുകൾക്കും സ്ഥലത്തിനുമെല്ലാം പരമാവധി ആനുകൂല്യങ്ങൾ നൽകാമെന്ന് റവന്യൂ മന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പ് ലഭിച്ചെങ്കിലും കച്ചവടക്കാരുടെ കാര്യത്തിൽ ആശാവഹമായ തീരുമാനങ്ങളൊന്നുമായിട്ടില്ല.
ഇവർക്കായി പ്രത്യേക പാക്കേജിന് കേന്ദ്രം കനിയണമെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ഹരിതപാത യാഥാർഥ്യമായാൽ പാലക്കാട് നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരം ഒന്നര മണിക്കൂറായി ചുരുങ്ങും. പക്ഷേ, പെരുമണ്ണയിലെ അറുപതോളം വരുന്ന കുടുംബങ്ങളുടെ ആശങ്കക്ക് മറുപടി നൽകാൻ ഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.