കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം; ഡി.പി.ആര്‍ ഉടൻ മന്ത്രാലയത്തിന് സമര്‍പ്പിക്കും
text_fieldsകോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി കിറ്റ്കോ തയാറാക്കിയ വിശദപദ്ധതി രേഖ (ഡി.പി.ആര്‍) മന്ത്രാലയത്തിന് ഉടൻ സമര്‍പ്പിക്കുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യ എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു.
കോഴിക്കോടിന്റെ റെയില്‍വേ ആവശ്യങ്ങളുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മേയിൽ നടത്തിയ ചര്‍ച്ചക്കുശേഷം തുടര്‍ നടപടികള്‍ വിലയിരുത്തുന്നതിനായി ചെന്നൈയിലെ സതേൺ റെയിൽവേ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എല്‍.ഡി.എ വൈസ് ചെയര്‍മാന്‍ വേദ് പ്രകാശ് ദുഡേജയാണ് സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയത്.
ഇപ്പോൾ തയാറാക്കിയ ഡി.പി.ആറിൽ പുതിയ രണ്ട് റെയിൽവേ ട്രാക്ക് കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയശേഷമാണ് മന്ത്രാലയത്തിന് സമർപ്പിക്കുക. മന്ത്രാലയം അനുമതി നൽകുന്നതോടെ പദ്ധതി പ്രവർത്തനം തുടങ്ങാമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
മംഗലാപുരം-കോഴിക്കോട്-മധുര-രാമേശ്വരം സർവിസും, ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്നതും സംബന്ധിച്ച ടൈംടേബിൾ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ എന്നിവ അടുത്ത റെയിൽവേ ബോർഡ് യോഗത്തിൽ അനുകൂലമായി പരിഗണിക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.
അമൃത എക്സ്പ്രസ് പാലക്കാട് എത്തുന്ന സമയം മലബാറിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ മധുര യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ നേരത്തേയുള്ള സമയക്രമത്തിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാമെന്നും ട്രെയിൻ പാലക്കാട് എത്തുന്ന സമയം അതനുസരിച്ച് മാറ്റാമെന്നും ജന. മാനേജർ അറിയിച്ചു.
ചെന്നൈ മംഗലാപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12685) ചെന്നൈയിൽനിന്ന് പുറപ്പെടുന്ന സമയം കൂടുതൽ യാത്രക്കാർക്ക് സൗകര്യപ്രദമാകുംവിധം പുനഃപരിശോധിക്കണമെന്ന എം.പിയുടെ ആവശ്യത്തിലും അനുകൂല നടപടി ഉണ്ടാകുമെന്ന് ജി.എം ഉറപ്പുനൽകിയതായി എം.പി അറിയിച്ചു.
വെസ്റ്റ് ഹില്ലിൽ പിറ്റ്‌ലൈൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് പാർലമെന്‍റ് ധനാഭ്യർഥനക്ക് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥതലത്തിൽ ആവശ്യപ്പെട്ട റിപ്പോർട്ട് തയാറായിട്ടില്ലെന്നും ലഭിക്കുന്നമുറക്ക് നടപടി എടുക്കുമെന്നും ജി.എം പ്രതികരിച്ചു.
റിപ്പോർട്ട് അടിയന്തര പ്രാധാന്യത്തോടെ തയാറാക്കണമെന്നും പിറ്റ് ലൈൻ സ്ഥാപിക്കുന്ന വിഷയത്തിൽ റെയിൽവേയുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. കോൺഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ ജന. സെക്രട്ടറി എം.പി. അന്‍വറും യോഗത്തില്‍ എം.കെ. രാഘവന്‍ എം.പിയോടൊപ്പം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.