വികസന പദ്ധതികൾ അടുത്ത വർഷത്തിനകം തീർക്കും
text_fieldsകോഴിക്കോട്: രണ്ടുവർഷത്തിനിടയിൽ ജില്ലയിലെ പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദ്വിവർഷ പദ്ധതി ആസൂത്രണം നടപ്പാക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2025ഓടെ പ്രധാന വികസന പദ്ധതികളെല്ലാം പൂർത്തീകരിക്കാവുന്ന രീതിയിൽ ഓരോന്നിനും സമയക്രമം തീരുമാനിച്ച് പ്രത്യേക ഇടപെടൽ നടത്തണമെന്നും ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ മന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകി.
എൻ.എച്ച് 66ന്റെ പ്രവൃത്തി പുരോഗതി ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിലയിരുത്തണം. ജില്ലയിലെ ദേശീയ പാത പ്രവൃത്തികൾ 2024 അവസാനത്തോടെ പൂർത്തീകരിക്കുന്നതിന് നടപടിയെടുക്കണം.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു നോഡൽ ഓഫിസറെ നിയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. വികസന പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സ്പെഷൽ ഓഫിസറെ നിയമിക്കണം. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചെറുവണ്ണൂർ മേൽപാലം നിർമാണം 2025ന്റെ ആദ്യ പകുതിയിൽ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പ്രത്യേക പരിഗണന നൽകി പൂർത്തിയാക്കണം. കുറ്റ്യാടി- പാവങ്ങാട്, കക്കോടി-ബാലുശ്ശേരി റോഡുകളുടെ നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കണം.
കനോലി കനാൽ വികസന പദ്ധതി കൂടി യാഥാർഥ്യമാവുന്നതോടെ പാരിസ് മോഡൽ നഗരമാക്കി കോഴിക്കോടിനെ മാറ്റിയെടുക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി കുന്ന്യോറമലയിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുവരുന്ന ഗതാഗത സൗകര്യം നഷ്ടപ്പെടുകയാണെന്നും ഇവർക്ക് ബദൽ സംവിധാനം ഒരുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കാനത്തിൽ ജമീല എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണ പ്രവൃത്തിയെ തുടർന്ന് മഴക്കാലത്ത് പയ്യോളിയിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണം. ജില്ലയിൽ നിപ സ്ഥിരീകരിച്ചപ്പോൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയ സമയത്ത് താൽക്കാലിക ജീവനക്കാരായ അധ്യാപകർക്ക് ശമ്പളം കിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എം.എൽ.എമാരായ പി.ടി.എ. റഹീം, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, ലിന്റോ ജോസഫ്, സബ് കലക്ടർ വി. ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.