ഹെവൻ ബസിൽ ഡയാലിസിസ് രോഗികൾക്ക് ടിക്കറ്റ് വേണ്ട
text_fieldsകോഴിക്കോട്: രോഗംകൊണ്ട് പ്രയാസപ്പെടുന്നവരെ ചേർത്തുപിടിച്ച് ഹെവൻ ബസ് ഉടമകളും ജീവനക്കാരും. ഡയാലിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് യാത്ര സൗജന്യമാക്കിയാണ് കോഴിക്കോട്-നരിക്കുനി-പൂനൂർ-നാരങ്ങാത്തോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസ് കാരുണ്യമാതൃക തീർക്കുന്നത്. ദിനംപ്രതി ശരാശരി നാലുരോഗികൾ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.
കോഴിക്കോട് നഗരത്തിലുളള വിവിധ ഡയാലിസിസ് കേന്ദ്രങ്ങൾ, നരിക്കുനി അത്താണി, പൂനൂർ, താമരശ്ശേരി എന്നിവിടങ്ങളിലെ ഡയാലിസിസ് കേന്ദ്രങ്ങളിലേക്കുള്ള രോഗികൾക്ക് സൗജന്യയാത്ര ആശ്വാസമാവന്നുണ്ട്. നരിക്കുനി പാലങ്ങാട് തൃക്കൈപറനിൽ ജിഷാമിന്റെയും അമ്മാവന്റെ മകൻ ഇരട്ടപ്പറമ്പത്ത് ഷംസീറിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് ബസ്. ആറുമാസം മുമ്പാണ് ഇവർ ഈ റൂട്ടിൽ ഓടുന്ന ബസ് ഏറ്റെടുത്തത്. ഷംസീറിന്‍റെ വൃക്കരോഗിയായ പിതാവ് ഡയാലിസിസ് ചെയ്താണ് മുന്നോട്ടുനീങ്ങുന്നത്. പിതാവിന്‍റെ കൂടെ ഡയാലിസിസ് കേന്ദ്രത്തിൽ പോവുമ്പോൾ നിർധനരായ രോഗികളുടെ പ്രായാസം മനസ്സിനെ ഏറെ ഉലച്ചിരുന്നതായി ഷംസീർ പറഞ്ഞു. ഇത്തരക്കാർക്ക് തന്നാലാവുംവിധം സഹായം എന്നനിലക്കാണ് തങ്ങൾ ബസ് എടുത്തപ്പോൾ ഡയാലിസിസ് രോഗികൾക്ക് യാത്ര സൗജന്യം എന്ന് ബസിൽ എഴുതിവെക്കുകയും അത് നൽകണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയതെന്നും ഷംസീറും ജിഷാമും പറഞ്ഞു.
നിർധനരായ രോഗികളുടെ ചികിത്സ ധനസമാഹരണത്തിനും ഇവർ സർവിസ് നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.