എച്ച്.പി.സി.എൽ ഡിപ്പോയിൽനിന്ന് വീണ്ടും ഡീസൽ പുറത്തേക്ക്; ആശങ്കയിൽ പ്രദേശവാസികൾ
text_fieldsകോഴിക്കോട്: ദേശീയപാതക്കരികിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ ഡിപ്പോയില്‍നിന്ന് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി നാട്ടുകാർ. ഇന്നലെ വൈകീട്ടാണ് നൂറുകണക്കിന് ലിറ്റർ ഡീസല്‍ ഓവുചാലിലേക്ക് പരന്നൊഴുകിയത്. ഇതവസാനിച്ചുവെന്നാണ് നാട്ടുകാർ കരുതിയത്. ഇതിനിടെലാണ് വീണ്ടും ഡീസൽ പുറത്തേക്ക് ഒഴുകുന്നതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നുള്ളത്.
നിലവിൽ, പ്രദേശവാസികൾ ആശങ്കയിലാണ്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഡിപ്പോക്ക് സമീപത്തെ ഓവുചാലുകളിൽ ഡീസൽ ഒഴുകുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്. ടാങ്കിൽനിന്ന് കവിഞ്ഞൊഴുകിയ ഡീസൽ ഓവുചാലിലൂടെ പുറത്തേക്ക് ഒഴുക്കിവിടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഡിപ്പോ കോമ്പൗണ്ടിനുള്ളിൽ തളംകെട്ടിയ ഡീസലാണ് അധികൃതർ പുറത്തേക്ക് ഒഴുക്കിയതെന്നാണ് ആരോപണം.
ഓവുചാലിലൂടെ ഡീസൽ ഒഴുകിയതുമൂലം സമീപത്തെ പുഴകളിലും കടലിലും ഡീസൽ എത്തി. തോടുകളിൽ മത്സ്യങ്ങൾ ചത്തുപൊന്തി. സമീപത്തെ കിണറുകള്‍ മലിനമായി. ഡീസലിന്റെ ഗന്ധംമൂലം പടന്നയിൽ, മാട്ടുവയൽ ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഡീസല്‍ പുറത്തേക്ക് ഒഴുകിയതാണെന്നും അറിഞ്ഞ ഉടൻതന്നെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നുമാണ് ഡിപ്പോ മാനേജർ സി. വിനയൻ പൊലീസിനെ അറിയിച്ചത്.
ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ നാട്ടുകാർ കുപ്പികളിലും കന്നാസുകളിലും ശേഖരിച്ചു തുടങ്ങവെയാണ് ലിറ്ററുകണക്കിന് ഒഴുകിയെത്തിയത്. ഇതോടെ ഏതു നിമിഷവും വൻ അപകടം ഉണ്ടാകുമെന്ന അവസ്ഥയിൽ സമീപവാസികൾ ആശങ്കയിലായി. ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. നാട്ടുകാര്‍ എലത്തൂർ പൊലീസിലും ബിച്ച് ഫയർ യൂനിറ്റിലും വിവരമറിയിച്ചതിനെത്തുടർന്ന് സേനകളും സ്ഥലത്തെത്തി. പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡിപ്പോ ജീവനക്കാർ ദേശീയപാതക്കരികിലെ ഓടയിൽനിന്ന് ബക്കറ്റുപയോഗിച്ച് ഡീസൽ ബാരലുകളിൽ നിറച്ചു.
200 ലിറ്ററിന്റെ പത്തോളം ബാരലുകളിൽ ശേഖരിച്ചെങ്കിലും റെയിൽഭാഗത്തേക്കുള്ള ഓടയിൽ ലിറ്ററുകണക്കിന് ഡീസൽ നിറഞ്ഞിരിക്കുകയാണ്. സ്ലാബുകൾ നീക്കി ജീവനക്കാർ ഡീസൽ രാത്രിയിലും മുക്കി മാറ്റുകയായിരുന്നു. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.