Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീൽചെയറിൽ ഈ ജീവിതം...

വീൽചെയറിൽ ഈ ജീവിതം സംതൃപ്തമാണ്...

text_fields
bookmark_border
വീൽചെയറിൽ ഈ ജീവിതം സംതൃപ്തമാണ്...
cancel
camera_alt

ഗോ​പി​നാ​ഥ് വീ​ൽ​ചെ​യ​റി​ൽ

കോഴിക്കോട്: ഡൽഹി സൗത്ത് എക്സ്റ്റൻഷനിലൂടെ ആവേശപൂർവം ബൈക്കോടിക്കുന്നതിനിടെ ഗോപിനാഥ് എന്ന ചെറുപ്പക്കാരൻ വിദൂര സ്വപ്നത്തിൽപോലും കരുതിയില്ല, തൊട്ടടുത്ത നിമിഷം തന്‍റെ ജീവിതം കീഴ്മേൽ മറിയാൻ പോകുകയാണെന്ന്. പാഞ്ഞെത്തിയ കാർ ഇടിച്ചുവീഴ്ത്തി. നട്ടെല്ല് തകർന്ന് ആറുമാസത്തോളം എയിംസിൽ.

പിന്നീട് ആറുമാസത്തോളം സ്പൈനൽ കോഡിനുള്ള പ്രത്യേക ചികിത്സയുമായി പുണെ മിലിറ്ററി ആശുപത്രിയിൽ. ചികിത്സക്ക് ശേഷം കോഴിക്കോട് ആനിഹാളിൽ റോഡിലെ സുരഭിയെന്ന വീട്ടിലെത്തുമ്പോൾ 28 വയസ്സുമാത്രം പ്രായമായ ചെറുപ്പക്കാരൻ ജീവിതത്തെ നേരിടാനുള്ള കരുത്ത് സമ്പാദിച്ചിരുന്നു.

നിവർന്ന് നിൽക്കാൻപോലും കഴിയുന്നില്ലെങ്കിലും നിരാശയുടെ പടുകുഴിയിൽ വീഴാതെ, തന്നെക്കൊണ്ട് ആർക്കാണ് പ്രയോജനം എന്നു ചിന്തിച്ചുകൊണ്ടേയിരുന്നു. അച്ഛന്‍റെ പ്രേരണക്ക് വഴങ്ങി ഗ്യാസ് ഏജൻസിക്ക് അപേക്ഷിച്ചു. ചെറുവണ്ണൂരിൽ തുടങ്ങിയ ഗ്യാസ് ഏജൻസിയുടെ ജോലികളുമായി മുന്നോട്ടുപോയപ്പോൾ മനസ്സിലായി, മനസ്സ് പഴയ ഊർജസ്വലത തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന്.

ജോലിചെയ്തുകൊണ്ടേയിരിക്കണം. വെറുതെയിരിക്കുന്ന മനസ്സ് സാത്താന്‍റെ ഇരിപ്പിടമാണ്. ഗ്യാസ് ഏജൻസി പച്ചപിടിച്ചപ്പോൾ പിന്നീട് സമാനമായ രോഗാവസ്ഥയിലുള്ളവരെ കണ്ടുപിടിച്ച് സഹായിക്കുന്നതായി ജീവിത ലക്ഷ്യം. അങ്ങനെയാണ് 'ആസ്പയർ' എന്ന സംഘടനക്ക് രൂപം നൽകിയത്.

1980കളുടെ തുടക്കത്തിൽ സ്പൈനൽ കോഡ് തകർന്ന് കിടപ്പിലാകുന്നവർ എണ്ണത്തിൽ വളരെ കുറവായിരുന്നു. ബൈക്ക് അപകടങ്ങൾ അന്ന് സാധാരണമായിരുന്നില്ല. തെങ്ങിൽ നിന്നോ കവുങ്ങിൽനിന്നോ പനയിൽനിന്നോ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചവരായിരുന്നു ഭൂരിഭാഗവും.

അവർക്കുവേണ്ടി എന്തെങ്കിലും സഹായം ചെയ്യുന്നതിലായി പിന്നെ ശ്രദ്ധ. മുയൽവളർത്തൽ, കുട നന്നാക്കൽ, ചെറിയ കടകൾ തുടങ്ങുക തുടങ്ങി എന്തെങ്കിലും തൊഴിലുകൾ ചെയ്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതോടെ അത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകി.

കോഴിക്കോട്ടെ ആദ്യ ടി.ബി സ്പെഷ്യലിസ്റ്റായ ഡോ. പി.സി. നെടുങ്ങാടിയുടേയും അമ്മാളുക്കുട്ടിയമ്മയുടേയും മകനായ ഗോപിനാഥ് 2000 മുതൽ സാമൂഹിക പ്രവർത്തനത്തിന് വ്യത്യസ്തമായ മറ്റൊരു മേഖലകൂടി കണ്ടെത്തി. മാനസിക വളർച്ചയില്ലാത്ത കുട്ടികളുടെയും മുതിർന്നവരുടെയും രക്ഷാകർതൃത്വം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപവത്കരിച്ച നാഷനൽ ഇൻകം ട്രസ്റ്റിന്‍റെ ലോക്കൽ ലെവൽ കമ്മിറ്റിയിൽ 2000 മുതൽ 2015 വരെ തുടർച്ചയായി പ്രവർത്തിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുമായി ഇക്കാലത്ത് കൂടുതൽ അടുത്തു.

ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങി 40 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും നമ്മുടെ സർക്കാർ സ്ഥാപനങ്ങൾപോലും ഭിന്നശേഷി സൗഹൃദമാകാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ട്. പല സർക്കാർ ഓഫിസുകളിലും ഇപ്പോഴും വീൽചെയർ കൊണ്ടുപോകാനാവശ്യമായ റാമ്പ് പോലുമില്ല. പണ്ടൊരിക്കൽ താജ് ഹോട്ടലിൽ യോഗത്തിനെത്തിയപ്പോൾ റാമ്പില്ലാത്തതിനാൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

35 വർഷത്തോളമായി, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തിയല്ലാതെ മറ്റൊന്നുമില്ല. പതിനഞ്ചോളം പേർക്ക് ജോലി നൽകാൻ സാധിച്ചു. അവരുടെ കുടുംബങ്ങൾക്ക് ആശ്രയമായി. പരിചയം പോലുമില്ലാത്ത ആരുടെയൊക്കെയോ ജീവിതത്തിൽ പ്രകാശത്തിന്‍റെ ഒരുതരി വെട്ടമെങ്കിലും തെളിയിക്കാൻ കഴിഞ്ഞു. വീൽ ചെയറിലാണെങ്കിലും ഇപ്പോഴും ഊർജസ്വലമായ ജീവിതം നയിക്കുന്നു. ഇത്രയും മതി ഈ ജീവിതം സംതൃപ്തമാകാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Differently-Abled Man
News Summary - differently abled man
Next Story