രണ്ട് പഞ്ചായത്തുകളിൽ ഡിജിലോക്കർ സംവിധാനം
text_fieldsകൊടിയത്തൂർ: പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കാൻ ജില്ലയിലും ഡിജിലോക്കർ സംവിധാനം നടപ്പാക്കുന്നു.
കൂടുതൽ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഡിജിലോക്കർ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുപഞ്ചായത്തുകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിപ്പ് തോട്ടുമുക്കം ഗവ. യു.പി സ്കൂളിൽ യോഗം നടത്തി.
വ്യക്തിപരമായ രേഖകളും സർക്കാർ വകുപ്പുകളിൽനിന്ന് നൽകിയ രേഖകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം വിഭാവനം ചെയ്ത സംവിധാനമാണ് ഡിജിലോക്കർ. കേരളത്തിൽ പ്രളയ സമയത്ത് അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ ഒരുപരിധിവരെയുള്ള പരിഹാരമാണ് ഡിജിലോക്കർ സംവിധാനം. അസ്സൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കർ സർട്ടിഫിക്കറ്റുകൾക്കും ലഭ്യമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഇരു പഞ്ചായത്തുകളിലും ക്യാമ്പുകൾ നടത്തും.
കാരശ്ശേരിയിൽ ആഗസ്റ്റ് 20നും കൊടിയത്തൂരിൽ 27നുമാണ് ക്യാമ്പ്. യോഗത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, സ്ഥിരം സമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ദിവ്യ ഷിബു, കൊടിയത്തൂർ പഞ്ചായത്തംഗം സിജി കുറ്റിക്കൊമ്പിൽ, തഹസിൽദാർ പ്രേം ലാൽ, ഐ.ടി മിഷൻ ജില്ല പ്രോഗ്രാം മാനേജർ എൻ.എം. അജിഷ, അക്ഷയ കോഓഡിനേറ്റർ അഷിത, കൊടിയത്തൂർ വില്ലേജ് ഓഫിസർ സിജു, കുമാരനെല്ലൂർ വില്ലേജ് ഓഫിസർ നജ്മുൽ ഹുദ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.