വളർച്ച വെല്ലുവിളികൾ നേരിടുന്നവർക്കായി ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററുകൾ
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ സാമൂഹികാധിഷ്ഠിത ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററുകൾ (കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെൻറ് സെൻറർ) സ്ഥാപിക്കുന്നു. ജില്ല ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ലിങ് കോഴിക്കോടിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വളർച്ച വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വൈകല്യങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സാപുനരധിവാസം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിലും ഇത്തരം സാമൂഹികാധിഷ്ഠിത ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററുകൾ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സാമൂഹികാരോഗ്യകേന്ദ്രങ്ങളോട് ചേർന്നാണ് ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററുകൾ പ്രവർത്തിക്കുക. ഇവിടെ കുട്ടികൾക്കായി ഓഡിയോളജി, സ്പീച്ച് തെറപ്പി, ഒക്യുപേഷനൽ തെറപ്പി, ഫിസിയോ തെറപ്പി സൗകര്യങ്ങളെല്ലാം ലഭ്യമാകും.ഇത്തരം സൗകര്യങ്ങൾ നിലവിൽ സർക്കാർതലത്തിൽ ബീച്ച് ആശുപത്രിയിലെ ഫിസിക്കൽ ഇൻറർവെൻഷൻ സെൻററിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഭൂരിഭാഗം പേരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർതലത്തിലും ഈ സൗകര്യങ്ങൾ ലഭ്യമാകും. പരീക്ഷണാർഥം കോഴിക്കോട് ഒളവണ്ണ സി.എച്ച്.സിയിൽ ആദ്യത്തെ കേന്ദ്രം 2020 നവംബർ രണ്ടിന് പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇവിടെ 50 കുട്ടികളാണ് തെറപ്പിക്ക് എത്തുന്നത്. ത്രിതല സെൻററിൽനിന്ന് റഫർ ചെയ്യുന്നവർക്ക് ഡിസെബിലിറ്റി മാനേജ്മെൻറ് സെൻററിൽ തുടർ ചികിത്സ ലഭ്യമാകുംവിധമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിപുലമായ സൗകര്യങ്ങളോടുകൂടിയ മൂന്ന് സാമൂഹികാധിഷ്ഠിത ഡിസെബിലിറ്റി മാനേജ്മെൻറ് സെൻറർ കൂടി പ്രവർത്തനം ആരംഭിക്കുകയാണ്.
കൊടുവള്ളി, ചേളന്നൂർ, കുന്നുമ്മൽ ബ്ലോക്കുകളിലെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളായ കോടഞ്ചേരി, നരിക്കുനി, കുന്നുമ്മൽ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജൂലൈ ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും.
അതിനു പിറകെ ഓർക്കാട്ടേരി, ഉള്ള്യേരി, ചെറുവാടി എന്നിവിടങ്ങളിലും സെൻറുകൾ ആരംഭിക്കുമെന്ന് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പറഞ്ഞു. സെൻററുകളിലേക്കുള്ള ഉപകരണങ്ങൾ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയിട്ടുണ്ട്.
ജില്ല മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റിെൻറ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷെൻറ മേൽനോട്ടത്തിൽ നിർമിതി മുഖേനയാണ് സെൻററുകളുടെ നിർമാണം പൂർത്തിയാക്കിയത്.
ഇതിനാവശ്യമായ സ്റ്റാഫിനെ അതത് ബ്ലോക്കുകൾ നിയമിക്കും. നിയമനം പൂർത്തിയാകുന്നത് വരെയുള്ള കാലയളവിൽ എൻ.എച്ച്.എം - കെ.എസ്.എസ്.എം പദ്ധതിയായ അനുയാത്ര മുഖേന സേവനം ആരംഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.