ഭിന്നശേഷി സംവരണം; അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നില്ലെന്ന് പരാതി
text_fieldsകോഴിക്കോട്: ഭിന്നശേഷി സംവരണ നിബന്ധനകൾ പാലിച്ച വിദ്യാലയങ്ങളിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ വിദ്യാഭ്യാസ ഓഫിസർമാർ തയാറാവുന്നില്ലെന്ന് പരാതി.
ഡി.ജി.ഇ നിർദേശിച്ച മാതൃകയിൽ റോസ്റ്റർ തയാറാക്കി സമന്വയയിൽ അപ് ലോഡ് ചെയ്യുകയും ബാക്ക് ലോഗ് ഉൾപ്പെടെ ഭിന്നശേഷിക്കാരെ ആവശ്യപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് അപേക്ഷ നൽകിയതിന്റെ രസീതിയും മാനേജറുടെ കത്തും സമർപ്പിച്ചാൽ 2018 നവംബർ 18നുശേഷം നിയമിതരായവർക്ക് താൽക്കാലിക നിയമനാംഗീകാരം നൽകാനാണ് ഉത്തരവിലുള്ളത്.
മാർച്ച് 13ലെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിപ്രകാരമാണ് 2021 നവംബർ എട്ടുവരെ നിയമിതരായവർക്ക് ശമ്പള സ്കെയിലിലും പിന്നീട് നിയമിതരായവർക്ക് ദിവസവേതന നിരക്കിലുമുള്ള താൽക്കാലിക അംഗീകാരം വിദ്യാഭ്യാസ ഓഫിസർമാർ നൽകേണ്ടത്. എന്നാൽ, ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
1996 ഫെബ്രുവരി ഏഴു മുതൽ ഇതുവരെ ഓരോ മാനേജ്മെൻറിനു കീഴിലും നിയമിതരായവരുടെ എണ്ണവും നിയമന ഉത്തരവുമാണ് റോസ്റ്റർ തയാറാക്കാനായി മാനേജർമാർ നൽകേണ്ടത്. റോസ്റ്റർ പരിശോധിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശമൊന്നും വന്നിട്ടില്ലെന്നാണ് കാരണമായി ഇവർ പറയുന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ വന്നിട്ടുള്ള മെല്ലെപ്പോക്കാണ് സംസ്ഥാനത്തെ പതിനായിരത്തിലേറെ വരുന്ന അധ്യാപകരുടെ നിയമനം പ്രതിസന്ധിയിലാവാൻ കാരണമെന്നാണ് കേരള എയ്ഡഡ് പ്രൈമറി സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കാസ്മ) പറയുന്നത്. കോഴിക്കോട് ജില്ലയിലും നിരവധി നിയമനങ്ങൾ അംഗീകാരത്തിന് കാത്തുകിടക്കുകയാണ്.
ആക്ട് നിലവിൽ വന്ന സമയത്തുതന്നെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശം പുറത്തിറക്കിയിരുന്നെങ്കിൽ ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്താൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും പ്രതിസന്ധി ഒഴിവാകുകയും ചെയ്യുമായിരുന്നു. 1996 മുതൽ ഭിന്നശേഷിക്കാരെ നിയമിച്ച വിദ്യാലയങ്ങളിലെ നിയമനവും അംഗീകരിക്കാത്ത സ്ഥിതിയുണ്ട്.
നടപടികൾ പൂർത്തീകരിച്ചിട്ടും നിയമനം അംഗീകരിക്കാത്ത വിദ്യാഭ്യാസ ഓഫിസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് ‘കാസ്മ’ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എസ്. ശശികുമാർ, സെക്രട്ടറി എം.എം. സൈതലവി, തേക്കിൽ സുഹൈൽ, ഉമർ ഫാറൂഖ്, സേതു സീതാരാമൻ, മഹേഷ്, സൗമീന്ദ്രൻ, ഇല്യാസ് ടി. കുണ്ടൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.