കോവിഡ് ഫലം രേഖപ്പെടുത്തലിൽ തർക്കം; പഞ്ചായത്ത് അംഗവും ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ കൈയാങ്കളി
text_fieldsമുക്കം: കോവിഡ് പരിശോധനാഫലം കോവിഡ് പോർട്ടലിൽ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിശോധനാ ക്യാമ്പിൽ ഗ്രാമപഞ്ചായത്തംഗവും ആരോഗ്യവകുപ്പ് ജീവനക്കാരനും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പരിക്കേറ്റ കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്തിനെ കെ.എം.സി.ടി മെഡിക്കൽ കോളജിലും ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാരൻ ഓമശ്ശേരി സ്വദേശി എ.കെ. നിധിനെ മുക്കം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാരശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിൽ കാലിക്കറ്റ് (അള്ളി) എസ്റ്റേറ്റിൽ നടന്ന പരിശോധനാ ക്യാമ്പിൽ വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
പരിശോധന തുടങ്ങാൻ വൈകിയതും ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന മാത്രമേ നടത്തുകയുള്ളൂ എന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിലപാടുംമൂലം രാവിലെതന്നെ ക്യാമ്പിൽ ബഹളമായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഉച്ചയോടെ പരിശോധന തുടങ്ങിയത്. പിന്നീട് ക്യാമ്പ് അവസാനിക്കാനായതോടെ, രണ്ടാഴ്ചയായി പഞ്ചായത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഡി വിഭാഗത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി തർക്കം തുടങ്ങി.
കോവിഡ് പോർട്ടലിൽ യഥാസമയം വിവരങ്ങൾ കൈമാറാത്തതിനാലും വിവരം കൈമാറിയതിലെ പിശകുംമൂലമാണ് ഡി വിഭാഗത്തിൽ വരാൻ കാരണമെന്നും അതിനാൽ ക്യാമ്പിലെ പരിശോധനാഫലം ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് ഡാറ്റാ എൻട്രി ചെയ്ത് കോവിഡ് പോർട്ടലിൽ രേഖപ്പെടുത്തുകയും വേണമെന്ന ആവശ്യവുമായി ജിവനക്കാരെ സമീപിച്ചപ്പോൾ ജെ.എച്ച്.ഐ നിധിൻ തന്നെ മർദിക്കുകയായിരുന്നെന്ന് വാർഡ് അംഗം അഷ്റഫ് പറഞ്ഞു.
അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ വാർഡ് മെംബറുടെ നേതൃത്വത്തിൽ തന്നെ മർദിക്കുകയായിരുന്നെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിധിൻ പറഞ്ഞു. കഴിഞ്ഞ 30ന് കാരമൂലയിൽ നടന്ന ക്യാമ്പിലെ പരിശോധനാഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി കാരശ്ശേരിയിൽ ഗ്രാമപഞ്ചായത്തും,കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് തിങ്കളാഴ്ചത്തെ സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.