രാഹുലിനെ അയോഗ്യനാക്കൽ:കോൺഗ്രസ് റെയിൽവേ സ്റ്റേഷൻ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്
text_fieldsകോഴിക്കോട്: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം പത്തുപേർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘രാജ്യം അന്ധകാരത്തിൽ’ എന്ന മുദ്രാവാക്യമുയർത്തി മാനാഞ്ചിറ എസ്.കെ. പ്രതിമക്ക് മുന്നിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഡി.സി.സിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തുകയായിരുന്നു.
നൂറിലധികം പേർ പങ്കെടുത്ത മാർച്ച് റെയിൽവേ സ്റ്റേഷനു സമീപമെത്തിയതോടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷഭാഷയിലാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. പ്രകടനം റെയിൽവേ സ്റ്റേഷനുമുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റിയും മറ്റുവഴികളിലൂടെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനുള്ളിൽ കയറി.
ഇവിടെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്താനായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പ്ലാറ്റ്ഫോമിന് പുറത്തേക്ക് മാറ്റിയെങ്കിലും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച പരസ്യത്തിലെ നരേന്ദ്ര മോദിയുടെ ഫ്ലക്സ് പ്രവർത്തകരിലൊരാൾ വലിച്ചുകീറി. ഇതോടെ ഇദ്ദേഹത്തെ ടൗൺ അസി. കമീഷണർ പി. ബിജുരാജ് പിടികൂടിയതോടെ വാക്കുതർക്കവും സംഘർഷവുമായി.
പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞതോടെയാണ് ലാത്തിച്ചാർജ് തുടങ്ങിയത്.കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടടിക്കുകയായിരുന്നു. ഇതിനിടെ ഒരുവിഭാഗം പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും ഫ്ലക്സുകൾ വലിച്ച് കീറുകയും ചെയ്തു.
സംഘർഷത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥനും സാരമായ പരിക്കുണ്ട്. സമരം സംഘർഷത്തിൽ കലാശിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സംഘർഷം അയയാത്തതിനെ തുടർന്ന് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, എൻ.എസ്.യു ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.