മൃതദേഹത്തോട് അനാദരവ്: ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനാദരവ് കാണിച്ചെന്ന് പരാതി. മൃതദേഹം സംസ്കരിക്കുന്നത് വൈകിപ്പിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. പ്രമോദ് മനപ്പൂർവം ശ്രമിച്ചെന്നും ബന്ധുക്കളോടടക്കം അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് സി.പി.ഐ ചേവായൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും 15ാം വാർഡ് ആർ.ആർ.ടിയുമായ ബൈജു മേരികുന്നാണ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്.
27ന് രാത്രി സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച കോവൂര് സ്വദേശിയായ 88കാരന്റെ മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രമോദ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് ആരോപണം.
ഞായറാഴ്ച രാത്രി 10.45നാണ് രോഗി മരിക്കുന്നത്. മൃതദേഹം വിട്ടുകിട്ടണമെങ്കിൽ സ്ഥലത്തെ ഹെൽത്ത് ഇൻസ്പെക്ടറുടെ കത്ത് വേണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന്, ബന്ധുവായ അഡ്വ. എൻ.പി. സൂരജ് നിരവധി തവണ പ്രമോദിനെ വിളിച്ചെങ്കിലും ഫോൺ തിങ്കളാഴ്ച രാവിലെ 8.30 വരെ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന്, 15ാം വാർഡ് കൗൺസിലർ ടി.കെ. ചന്ദ്രൻ മുഖേന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമിതയുമായി ബന്ധപ്പെട്ട് മൃതദേഹം വിട്ടുനൽകുന്നതിനുള്ള കത്ത് വാങ്ങിച്ച് ബന്ധുക്കൾക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 7.45ഓടെ ബന്ധുക്കൾ മാവൂർ റോഡ് ശ്മശാനത്തിൽ എത്തിയപ്പോൾ, മൃതദേഹം സംസ്കരിക്കാൻ അനുവദിക്കരുതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് ശ്മശാനം അധികൃതരെ അറിയിച്ചു.
മരിച്ചയാളുടെ ബന്ധുവായ അഡ്വ. സൂരജിനോടും വാർഡ് കൗൺസിലർ ചന്ദ്രനോടും പ്രമോദ് മോശമായി പെരുമാറിയെന്നും രണ്ടര മണിക്കൂർ സംസ്കാരം വൈകിപ്പിച്ച ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആരോഗ്യ മന്ത്രിക്കയച്ച പരാതിയിൽ പറയുന്നത്.
പ്രചാരണം വാസ്തവവിരുദ്ധമെന്ന്
പരാതിയിൽ പറയുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. പ്രമോദ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് കത്ത് നൽകിയത് ഞാനല്ല. തിങ്കളാഴ്ച രാവിലെ വരെ സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ല.കോർപറേഷൻ പരിധിയിലെ കോവിഡ് മരണങ്ങളിൽ ആശുപത്രികൾക്ക് കത്ത് നൽകേണ്ട ചുമതല തന്റേതാണ്.
എങ്കിലും മറ്റുള്ള എച്ച്.ഐമാർ കത്ത് നൽകുന്നതിൽ തെറ്റില്ല. പക്ഷേ, കത്ത് നൽകിയവരാണ് സംസ്കാര സമയത്തെ മുഴുവൻ സുരക്ഷ കാര്യങ്ങളും നോക്കേണ്ടത്. രാവിലെ ശ്മശാനത്തിൽനിന്ന് ജീവനക്കാർ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. പരാതിയിൽ പറയുന്നയാളുടെ കോവിഡ് മരണത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ സംസ്കാരം നടത്തുന്നതിന് അനുമതി നൽകിയില്ല. തുടർന്ന്, ആശുപത്രി അധികൃതരെയും മറ്റുള്ളവരെയും വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.
വൈദ്യുതി ശ്മശാനമായതിനാൽ രാവിലെ ഒമ്പത് മണിക്കുശേഷമാണ് സാധാരണ സംസ്കാരം നടക്കാറ്. ഈ സമയത്തിനുശേഷം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഒരു കൊല്ലത്തിലേറെയായി കോവിഡ് മരണ സംസ്കാരവുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.