ഉത്തരക്കടലാസ് കാണാതായതിൽ 'ട്വിസ്റ്റ്'; പരീക്ഷ എഴുതിയവരും 'ആബ്സന്റ്'
text_fieldsകോഴിക്കോട്: രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായതിന്റെ കുറ്റം വിദ്യാർഥികളുടെ തലയിലിട്ട് കാലിക്കറ്റ് സർവകലാശാല പരീക്ഷവിഭാഗം. ചരിത്രത്തിലാദ്യമായി ഫാൾസ് നമ്പറിടാതെ മൂല്യനിർണയത്തിനയച്ചശേഷം ഉത്തരക്കടലാസുകൾ കാണാതായതോടെ വിദ്യാർഥികൾ പരീക്ഷക്ക് ഹാജരായില്ലെന്ന നിലപാടിലാണ് സർവകലാശാല. ഇതോടെ ഈ വിദ്യാർഥികൾ തോറ്റതായാണ് കണക്കാക്കുക.
നിലവിൽ ആറാം സെമസ്റ്റർ ബിരുദത്തിന് പഠിക്കുന്ന നിരവധി വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷഫലമാണ് സർവകലാശാലയുടെ അശ്രദ്ധ കാരണം തോൽവിയിൽ കലാശിച്ചത്. പരീക്ഷക്ക് ഹാജരായി മികച്ച വിജയം പ്രതീക്ഷിച്ചിരുന്നവരാണ് മാർക്ക്ലിസ്റ്റിൽ 'ആബ്സന്റ്'എന്നെഴുതിയതുകണ്ട് ഞെട്ടിയത്. വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളാണ് പരീക്ഷവിഭാഗത്തിന്റെ ക്രൂരതക്കിരയായവരിൽ ഏറെയും. മലയാളം, അറബിക് തുടങ്ങിയ സെക്കൻഡ് ലാംഗ്വേജ് വിഷയങ്ങളിലെ ഒാരോ പേപ്പറുകൾ എഴുതിയിട്ടില്ലെന്നാണ് മാർക്ക്ലിസ്റ്റിലുള്ളത്. മറ്റു വിഷയങ്ങളിലെല്ലാം ജയിച്ചവരാണ് ഒരു പേപ്പറിൽ മാത്രം തോറ്റത്.
മൂല്യനിർണയം നടത്താനായി ഫാൾസ് നമ്പറിടാതെ അയച്ച ഉത്തരക്കടലാസുകളിൽ 3500ഓളം എണ്ണം കാണാതായിരുന്നു. പിന്നീട് വിവിധ കോളജുകളിൽനിന്നും പരീക്ഷഭവനിൽ നിന്നും കുറച്ചെണ്ണം കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവ കിട്ടാതിരുന്നതിനാൽ എളുപ്പവഴി എന്നനിലയിൽ 'ആബ്സന്റ്' രേഖപ്പെടുത്തുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പരാതികളുമായി നിരവധി വിദ്യാർഥികളാണ് സർവകലാശാലയെ സമീപിക്കുന്നത്. പരീക്ഷ എഴുതിയ ദിവസം ഇൻവിജിലേറ്റർ ഒപ്പിട്ട ഹാൾടിക്കറ്റ് വിദ്യാർഥികൾ തെളിവായി സമർപ്പിച്ചിട്ടുണ്ട്.
കോവിഡ്ഭീതി കാരണം ഇൻവിജിലേറ്റർ ഒപ്പിടാത്തതിനാൽ പരീക്ഷ കേന്ദ്രത്തിലെ ഹാജർ പട്ടികയിലെ വിവരങ്ങൾ ചില വിദ്യാർഥികൾ ഹാജരാക്കി. ഉത്തരക്കടലാസ് കാണാതായി എന്നാണ് പരീക്ഷ വിഭാഗത്തിന്റെ വിശദീകരണം. സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് അധികൃതർ ഉപദേശിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സപ്ലിമെന്ററിക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം. എന്നാൽ, തങ്ങളുടേതല്ലാത്ത കാരണത്താൽ സപ്ലിമെന്ററി എഴുതുന്നതെന്തിനാണെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.