വിദൂരവിദ്യാഭ്യാസം ഓപൺ സർവകലാശാലയിൽ പരിമിതപ്പെടുത്തൽ;പ്രക്ഷോഭത്തിനൊരുങ്ങി സേവ് ഡിസ്റ്റൻസ് എജുക്കേഷൻ ഫോറം
text_fieldsകോഴിക്കോട്: കേരളത്തിലെ നാലു റെഗുലർ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കി ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ മാത്രമാക്കി പരിമിതപ്പെടുത്തിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് ഡിസ്റ്റൻസ് എജുക്കേഷൻ ഫോറം പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി 25ന് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തും. തുടർന്ന് മറ്റു സർവകലാശാലകളിലും കലക്ടറേറ്റ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലും തുടർസമരങ്ങൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനത്ത് റെഗുലർ കോളജുകളിൽ പ്രവേശനം ലഭിക്കാത്ത ആയിരക്കണക്കിന് സാധാരണക്കാരായ വിദ്യാർഥികൾ ഉപരിപഠനത്തിന് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസത്തേയോ പ്രൈവറ്റ് രജിസ്ട്രേഷനേയോ ആണ് ആശ്രയിക്കുന്നത്. കാലിക്കറ്റ് സർവകലാശാല പരിധിയിൽമാത്രം ഒന്നരലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം പ്ലസ് ടു പാസായത്. ഇതിൽ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ കാലിക്കറ്റിൽ ബിരുദപ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചിട്ടുണ്ട്.
സർവകലാശാലക്ക് കീഴിലെ 247 കോളജുകളിൽ 167 എണ്ണവും സ്വാശ്രയമേഖലയിലാണ്. സർക്കാർ-എയ്ഡഡ് കോളജുകളിൽ ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ 12,287 മെറിറ്റ് സീറ്റ് മാത്രമാണുള്ളത്. പ്ലസ് ടുവിന് 90 ശതമാനം മാർക്ക് വാങ്ങിയവർക്കുപോലും ഈ സീറ്റുകളിൽ പ്രവേശനം ലഭിക്കില്ല. സ്വാശ്രയ കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് ഒരുലക്ഷവും അതിലധികവും ചെലവ് വരും. അതിനാൽ ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കാറാണ് പതിവ്.
സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസം നിർത്തലാക്കുന്നതോടെ വിദ്യാർഥികൾക്ക് സ്വന്തം അഭിരുചിക്കും താൽപര്യത്തിനുമനുസരിച്ച് കോഴ്സും സർവകലാശാലകളും തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് സേവ് ഡിസ്റ്റൻസ് എജുക്കേഷൻ ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. റെഗുലർ യൂനിവേഴ്സിറ്റികളെ അപേക്ഷിച്ച് ഓപൺ യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിന് സ്വീകാര്യത കുറവാണ്. മാത്രമല്ല, മൂന്നിരട്ടിയിലധികം ഫീസും നൽകണം. സർക്കാർ നിയന്ത്രണം റെഗുലർ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെയും അക്കാദമിക സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. ഫോറം ചെയർമാൻ എ. പ്രകാരൻ, സജി കെ. രാജ്, ടി.പി.എം. സലീം, എം.കെ. ബിജിത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.