ചുരത്തിലെ ദുരിതം മനുഷ്യാവകാശ ലംഘനം -കമീഷൻ
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേ തീരൂ എന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥ്. ഞായറാഴ്ച ഉച്ചക്ക് താമരശ്ശേരി ചുരം എട്ടാം വളവിൽ മൾട്ടി ആക്സിൽ ചരക്കുലോറി കേടായി അഞ്ചു മണിക്കൂറോളം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായ സാഹചര്യത്തിലാണ് കമീഷൻ ഇടപെട്ടത്. കമീഷന്റെ ഇടപെടലിനെ തുടർന്ന് ചരക്കുലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അവധിദിവസമാണ് ചരക്കുലോറി വഴിയിൽ നിന്നത്.
കമീഷൻ ഇതേ വിഷയത്തിൽ ഈവർഷം ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർമാരും ജില്ല പൊലീസ് മേധാവിമാരും സമർപ്പിച്ച റിപ്പോർട്ടുകളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോൾ സംഭവിച്ചതുപോലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിന് കൂടുതലായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാരും ജില്ല പൊലീസ് മേധാവിമാരും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നിർദേശങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
പുൽപള്ളിയിൽ തെങ്ങ് ശരീരത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ രാജൻ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് മരിച്ചതിനെ തുടർന്ന് കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഗതാഗതക്കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടെത്താൻ നിർദേശം നൽകിയത്. ഇതേതുടർന്ന് അവധിദിവസങ്ങളിലും രാവിലെയും വൈകീട്ടും ചുരത്തിൽ ചരക്കുലോറികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
എന്നാൽ, പ്രസ്തുത ഉത്തരവ് കർശനമായ നടപ്പാക്കാൻ ഭരണകൂടങ്ങളും പൊലീസ് സംവിധാനവും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പുതിയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നതായി കമീഷൻ നിരീക്ഷിച്ചു.ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.