കോവിഡ് പ്രതിരോധം മറന്ന് ജില്ല ഭരണകൂടം
text_fieldsകോഴിക്കോട്: കോവിഡ് ഒന്നും രണ്ടും തരംഗത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയായിരുന്നു കോഴിക്കോട്. മൂന്നാം തരംഗത്തിൽ സജ്ജീകരണങ്ങളൊരുക്കുന്നതിൽ ജില്ല ഭരണകൂടം പരാജയമെന്ന് ആക്ഷേപം. മുൻ ജില്ല കലക്ടർ എസ്. സാംബശിവ റാവുവും ദുരന്ത ലഘൂകരണ വിഭാഗവും ആരോഗ്യ വകുപ്പും ഒത്തൊരുമയോടെ പ്രവർത്തിച്ച് കോവിഡിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നാൽ, ജില്ല ഭരണകൂടത്തിെൻറയും മറ്റു വകുപ്പുകളുടെയും തലപ്പത്ത് പിന്നീടെത്തിയവർക്ക് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി.
ജില്ലയിൽ ഒമിക്രോൺ വ്യാപകമാകുന്നതായി സ്വകാര്യ ആശുപത്രിയിൽ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. പരിശോധിച്ചവരിൽ 75 ശതമാനത്തിനും ഒമിക്രോണിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്. ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും തയാറാകണമെന്ന ആവശ്യം ശക്തമാണ്. താഴെത്തട്ടിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനും ജില്ല ഭരണകൂടം നടപടിയെടുക്കുന്നില്ല. മുൻ കാലങ്ങളിൽ തദ്ദേശസ്ഥാപന മേധാവികളുടെ യോഗം ഓൺലൈനായും മറ്റും വിളിച്ചുചേർത്ത് ജാഗ്രതാനിർദേശം നൽകിയിരുന്നു. താഴെതട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താനുള്ള പദ്ധതികളൊന്നും നിലവിൽ തുടങ്ങിയിട്ടില്ല. ബീച്ചിലെയും ബസിലെയും നിയന്ത്രണവും പൊതുപരിപാടികളുടെ നിരോധനവും മാത്രമാണ് നിലവിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനം.
കോവിഡ് ബാധിതരുടെ എണ്ണം തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായകമായിരുന്നു. എന്നാൽ, രണ്ടാഴ്ചയായി ഇത്തരം കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിടുന്നില്ല. രോഗം അതിരൂക്ഷമാകുമ്പോഴും ഇത്തരം കണക്കുകൾ മറച്ചുവെക്കുകയാണ്. ജില്ലയിൽ ആശുപത്രികൾക്ക് പുറമേയുള്ള ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലും മെല്ലെപ്പോക്കാണുള്ളത്. ആശുപത്രികളും മറ്റു ചികിത്സ കേന്ദ്രങ്ങളിലും ലഭ്യമായ കിടക്കകളുടെ വിവരങ്ങളും പത്രമാധ്യമങ്ങൾ വഴി പുറത്തുവിടുന്നില്ല. എല്ലാം കോവിഡ് 19 ജാഗ്രത വെബ്പോർട്ടലിലുണ്ടെന്നാണ് വിശദീകരണം. നിലവിൽ ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ തുടങ്ങിയവ ആവശ്യമുള്ള രോഗികളുടെ എണ്ണം വർധിക്കുകയാണ്. രണ്ടാം തരംഗ സമയത്ത് ഓക്സിജൻ ലഭ്യമാക്കാൻ വ്യാപക സംവിധാനങ്ങളൊരുക്കിയിരുന്നു.
262 ഐ.സി.യു കിടക്കകളാണ് ജില്ലയിലെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി നിലവിലുള്ളതെന്ന് കോവിഡ് 19 ജാഗ്രത പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 125 ലും രോഗികളുണ്ട്. 174 വെന്റിലേറ്ററുകളിൽ 92ലും രോഗികളുണ്ടെന്നത് ജില്ലയിലെ രോഗത്തിെൻറ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നു. അതിഗുരുതരാവസ്ഥയിൽ 37 പേർ ചികിത്സയിലാണ്. ഇതിൽ 29ഉം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. തീവ്രലക്ഷണങ്ങളുള്ള 148 പേരും ചികിത്സയിലുണ്ട്. 82 പേരും മെഡിക്കൽ കോളജിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.